കുറ്റപത്രം വായിച്ചു കേൾപ്പിച്ചു
Friday, August 14, 2020 12:14 AM IST
കോട്ടയം: കന്യാസ്ത്രീകളുടെ പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. അന്യായമായി തടഞ്ഞുവയ്ക്കൽ, അധികാര ദുർവിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, മേലധികാരം ഉപയോഗിച്ചു തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടർച്ചയായി ബലാത്സംഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരം ബിഷപ് വിചാരണ നേരിടണമെന്നു കോടതി നിർദേശിച്ചു. ആയിരം പേജുള്ള കുറ്റപത്രത്തിന്റെ പ്രസക്ത ഭാഗങ്ങളാണു വായിച്ചു കേൾപ്പിച്ചത്.
ബിഷപ് കുറ്റം നിഷേധിച്ചു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയെ വിസ്തരിക്കുന്നതിനുവേണ്ടി കേസ് സെപ്റ്റംബർ 16ലേക്കു മാറ്റി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ. ബാബുവും ബിഷപിനുവേണ്ടി സി.എസ്. അജയനും കോടതിയിൽ ഹാജരായി.