കെഎസ്ആർടിസി ബസിൽ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
Saturday, May 30, 2020 11:55 PM IST
പൂഞ്ഞാർ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. പറത്താനം കല്ലുപുരയിടത്തിൽ കുട്ടപ്പന്റെ ഭാര്യ ഭവാനി (അന്നമ്മ-54) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 നാണു സംഭവം. റേഷൻ വാങ്ങാനായി പറത്താനത്തുനിന്ന് ബസിൽ കയറിയ ഭവാനി പൂഞ്ഞാറിലേക്കാണു ടിക്കറ്റെടുത്തിരുന്നത്.
പൂഞ്ഞാറിൽ എത്തിയിട്ടും ഇറങ്ങാതെ ബസിൽ തലചായ്ച്ച് ഇരിക്കുകയായിരുന്ന ഇവരെ കണ്ടക്ടർ തട്ടിവിളിച്ചെങ്കിലും ക്ഷീണിതയായിരുന്നു. തുടർന്ന് ഇവരെ ബസിൽ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. ഈരാറ്റുപേട്ട പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് 11 ന് വണ്ടൻപതാൽ ഐപിസി സെമിത്തേരിയിൽ. മക്കൾ: സൗമ്യ, രമ്യ, വിനീത്. മരുമക്കൾ: ലിജു, സനോജ്.