കോവിഡ് -19: റൂട്ട് മാപ്പ് തയാറാക്കാൻ ആപ്
Monday, March 30, 2020 12:56 AM IST
കാക്കനാട്: കോവിഡ് -19 സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കാൻ സഹായകമാവുന്ന മൊബൈൽ ആപ്ലിക്കേഷനുമായി എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫൈത്തണ് ടെക്നോളജീസ്. ട്രേസ് സി എന്ന ആപ് വഴി രോഗിയുടെ യാത്രാ വിവരവും എത്ര നേരം ഏതൊക്കെ സ്ഥലങ്ങളിൽ ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും കൃത്യമായി മനസിലാക്കാൻ സഹായിക്കും.
ജിയോ മാപ്പിംഗ് സംവിധാനം ഉപയോഗിച്ചാണു രോഗിയുടെ യാത്രാ വിവരങ്ങൾ ശേഖരിക്കുന്നത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫോണിലേക്ക് അയച്ചു നൽകുന്ന ലിങ്കിൽ കയറിയാൽ യാത്രാപാത അടങ്ങിയ വിവരങ്ങൾ രോഗിയുടെ ഫോണിലേക്കെത്തും. അതാണ് ആരോഗ്യ വകുപ്പിലേക്ക് അയച്ചു കൊടുക്കുന്നത്. ഇതു വഴി രോഗിയുടെ സ്വകാര്യതയും ഉറപ്പാക്കാൻ സാധിക്കും. രോഗിക്കൊപ്പം നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്കും ആപ് സഹായകമാവും. രോഗിയുടെ സമീപത്ത് ഒരാൾ എത്ര സമയം ചെലവഴിച്ചു എന്നും ആപ് വഴി അറിയാനുള്ള സംവിധാനമുണ്ട്. നാലു മീറ്റർ വരെ അടുത്തെത്തിയ ആളുകളുടെ വിവരങ്ങൾ ട്രേസ് സി-ക്ക് ശേഖരിക്കാൻ സാധിക്കും.എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഇന്നലെ ചേംബറിൽ വച്ച് ആപ് ലോഞ്ച് ചെയ്തു.