പിന്തുണയുമായി രാഷ്ട്രീയ നേതാക്കൾ
Saturday, September 14, 2019 12:44 AM IST
മരട്: സുപ്രീംകോടതി ഉത്തരവിനെത്തുടർന്നു പൊളിക്കൽ ഭീഷണി നേരിടുന്ന മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളിൽ ആശ്വാസവും പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ നേതാക്കൾ എത്തി. കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്, സ്ഥലം എംഎൽഎ എം. സ്വരാജ്, മഹിള കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്, ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ.നസീർ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് പത്മജാ എസ്. മേനോൻ തുടങ്ങിയവരാണ് ഇന്നലെ ഫ്ളാറ്റിലെത്തിയത്.
നിയമസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ പി.ജെ. ജോസഫ് വാഗ്ദാനം ചെയ്തു. ഫ്ളാറ്റുകർക്കെതിരേയുള്ള നിയമനടപടികൾ മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഉറപ്പാക്കാൻ വേണ്ട കാര്യങ്ങൾക്കു മുൻകൈയെടുക്കുമെന്ന് എം. സ്വരാജ് ഉറപ്പുനൽകി. സംസ്ഥാനത്തെ മുഴുവൻ എംപിമാരും എംഎൽഎമാരും ഒപ്പുവച്ച നിവേദനം തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പ്രാദേശിക നേതാക്കളും കൗൺസിലർമാരും സ്വരാജിന് ഒപ്പമുണ്ടായിരുന്നു.