കൊച്ചിയിൽ യുവാവും യുവതിയും കസ്റ്റഡിയിൽ
Sunday, August 25, 2019 12:48 AM IST
കൊച്ചി: തമിഴ്നാട്ടിലേക്കു നുഴ ഞ്ഞുകയറിയ തീവ്രവാദികളുമാ യി ടെലിഫോണിൽ ബന്ധപ്പെ ട്ടെന്ന സംശയത്തെത്തുടർന്ന് രണ്ടു പേരെ എറണാകുളത്തുനിന്നു കേരള പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ എറിയാട് മാടവന കൊല്ലിയിൽ അബ്ദുൾ ഖാദർ റഹീമും (39) ഇയാൾക്കൊപ്പമുണ്ടായിരുന്ന വയനാട് സ്വദേശിനിയുമാണു പിടിയിലായത്.
എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് അബ്ദുൾ ഖാദർ റഹീമിനെ പിടികൂടിയത്. ഇന്നലെ രാവിലെ എറണാകുളത്തെത്തിയ ഇയാൾ അഭിഭാഷകനെ കണ്ടശേഷം കോടതിയിലെത്തുകയായിരുന്നു. കീഴടങ്ങാനുള്ള അപേക്ഷ തയാറാക്കി കോടതിയിൽ നൽകിയശേഷം കാത്തിരിക്കുന്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അബ്ദുൾ ഖാദറിനൊപ്പം രണ്ടുദിവസം മുൻപു ബഹ്റിനിൽനിന്നെത്തിയതാണ് വയനാട് സ്വദേശിനി. ഇവരെ നെടുന്പാശേരിയിൽനിന്നു കേന്ദ്ര ഇന്റലിജൻസ് വിഭാഗമാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ശ്രീലങ്കയിൽ പോയെന്നും അവിടെനിന്നു പിന്നീടു തമിഴ്നാട്ടിൽ എത്തിയെന്നും സംശയിക്കുന്നു.
തമിഴ്നാട് പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ബഹറിനിലേക്കു കടന്ന ഇവരെ നാട്ടിലെത്തിക്കാൻ ഇന്റർപോളുമായി ബന്ധപ്പെട്ടിരുന്നു. അതിനിടെ രണ്ടു ദിവസം മുന്പ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയെന്ന വിവരം കേന്ദ്ര ഇന്റലിജൻസിനു ലഭിച്ചു.
2000 മുതൽ ബഹ്റിനിൽ ജോലിചെയ്തിരുന്ന അബ്ദുൾ ഖാദർ റഹീം 2018ൽ തിരിച്ചെത്തി ആലുവ കോട്ടായിൽ വർക്ക് ഷോപ്പ് നടത്തിയിരുന്നു.
ഇരുവരെയും ചോദ്യംചെയ്തുവരികയാണെന്നും സംശയം ഉറപ്പിക്കാനുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നും എറണാകുളം എസിപി കെ. ലാൽജി പറഞ്ഞു. നടപടിക്രമങ്ങൾക്കിടെ കസ്റ്റഡിയിലെടുത്ത സംഭവത്തെക്കുറിച്ച് എറണാകുളം സെൻട്രൽ പോലീസിനോട് എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.