മാർ ഗ്രീഗോറിയോസ് പുരസ്കാരം ഫാ.ഡേവിസ് ചിറമ്മലിന്
Monday, August 19, 2019 12:32 AM IST
തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായിരുന്ന ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മലിനു സമ്മാനിക്കും. ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള 17 -ാമത് പുരസ്കാരത്തിനാണ് ഫാ.ഡേവിസ് ചിറമ്മൽ അർഹനായത്. ആതുരസേവന, പരിസ്ഥിതിരംഗങ്ങളിലെ പ്രവർത്തനങ്ങൾക്കാണ് ഫാ.ചിറമ്മലിനെ അവാർഡിനു തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രം, ഫലകം എന്നിവ അടങ്ങുന്നതാണ് അവാർഡ്.
മാർ ഗ്രീഗോറിയോസിന്റെ ചരമരജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബർ 12ന് കല്ലൂപ്പാറ കോട്ടൂർ ആർച്ച്ബിഷപ് മാർ ഗ്രീഗോറിയോസ് പബ്ലിക് സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അവാർഡ് സമ്മാനിക്കും.