പാക്കിസ്ഥാനെതിരേ നടപടി കടുപ്പിച്ച് ഇന്ത്യ
Thursday, April 24, 2025 2:55 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരേ നടപടി കടുപ്പിച്ച് ഇന്ത്യ. സിന്ധു നദീജല കരാർ റദ്ദാക്കാനും വാഗ-അട്ടാരി അതിർത്തി അടയ്ക്കാനും ഇന്ത്യ തീരുമാനിച്ചു. ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ കാബിനറ്റ് യോഗത്തിലാണു കടുത്ത തീരുമാനങ്ങൾ.
വാഗ-അട്ടാരി അതിർത്തി വഴി ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ പൗരന്മാർ മേയ് ഒന്നിനകം മടങ്ങണം. പാക്കിസ്ഥാൻ പൗരന്മാർക്ക് ഇനി വീസ നൽകില്ല. പാക് ഹൈക്കമ്മീഷനിലെ പ്രതിരോധ ഉപദേശകരെ ഇന്ത്യ പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കകം രാജ്യം വിടണം. ഇന്ത്യയും പാക്കിസ്ഥാനിലെ പ്രതിരോധ ഉപദേശകരെ പിൻവലിക്കും.
എസ്വിഇഎസ് വീസ ഇളവിൽ എത്തിയ പാക് പൗരന്മാർ 48 മണിക്കൂറിനകം രാജ്യം വിടണം. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഹൈക്കമ്മീഷനുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം 55ൽനിന്ന് 30 ആയി കുറയ്ക്കും തുടങ്ങിയ തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടത്.
രണ്ടര മണിക്കൂർ നീണ്ട യോഗത്തിലെ തീരുമാനങ്ങൾ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് അറിയിച്ചത്. ആക്രമണത്തിൽ പാക്കിസ്ഥാനു പങ്കുണ്ടെന്ന് മിസ്രി കുറ്റപ്പെടുത്തി.
സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്നലെ രാവിലെ ഡൽഹിയിലെത്തിയ പ്രധാനമന്ത്രി രാവിലെ ഡൽഹി വിമാനത്താവളത്തിൽ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചർച്ചയിൽ പങ്കെടുത്തു.
മൂന്നു ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ശ്രീനഗർ: പഹൽഗാമിൽ ആക്രമണം നടത്തിയതെന്നു സംശയിക്കുന്ന മൂന്നു ഭീകരരുടെ രേഖാചിത്രം സുരക്ഷാസേന പുറത്തുവിട്ടു.
പാക്കിസ്ഥാൻകാരായ ആസിഫ് ഫൗജി (മൂസ), സുലൈലമാൻ ഷാ (യൂനസ്), അബു തൽഹ (ആസിഫ്) എന്നിവരുടെ രേഖാചിത്രമാണു പുറത്തുവിട്ടത്. ഭീകരാക്രമണത്തിൽനിന്നു രക്ഷപ്പെട്ടവരുടെ സഹായത്തോടെയാണ് രേഖാചിത്രം തയാറാക്കിയത്.
നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെ വധിച്ചു
ശ്രീനഗർ: നിയന്ത്രണരേഖയ്ക്കു സമീപം ഇന്നലെ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ബാരാമുള്ള ജില്ലയിലെ ഉറി നാലയിലായിരുന്നു ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. ഭീകരരുടെ പക്കലുണ്ടായിരുന്ന വൻ ആയുധശേഖരം സുരക്ഷാസേന പിടിച്ചെടുത്തു.
കൊല്ലപ്പെട്ടവരെല്ലാം പുരുഷന്മാർ
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം പുരുഷന്മാർ. നേപ്പാൾ, യുഎഇ സ്വദേശികളും രണ്ടു പ്രദേശവാസികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മഹാരാഷ്ട്രയിൽനിന്നുള്ള അഞ്ചു പേരും ബംഗാൾ, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മൂന്നു പേർ വീതവും കൊല്ലപ്പെട്ടു. ഐബി, നേവി, വ്യോമസേനാ ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.