തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ അമേരിക്കയിൽ രാഹുലിന്റെ വിമർശനം
Tuesday, April 22, 2025 2:59 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷനെതിരേ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരേ വിമർശനവുമായി ബിജെപി.
അമേരിക്കൻ നഗരമായ ബോസ്റ്റണിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമല്ലെന്നും സംവിധാനത്തിൽ ഗുരുതരമായ പിഴവുകളുണ്ടെന്നും രാഹുൽ പറഞ്ഞത്. ഇതു സംബന്ധിച്ച് രാഹുലിനെ ‘ചതിയൻ’ എന്നാണ് ബിജെപി വിശേഷിപ്പിച്ചത്.
പ്രതിപക്ഷ നേതാവ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. മഹാരാഷ്ട്രയിലുള്ള പ്രായപൂർത്തിയായവരേക്കാൾ കൂടുതൽ ജനങ്ങൾ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തുവെന്ന് രാഹുൽ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങൾക്കു നൽകിയ കണക്കുകളനുസരിച്ചു പോളിംഗിന്റെ അവസാന മണിക്കൂറുകളായ വൈകീട്ട് 5:30 മുതൽ 7:30 വരെ 65 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയെന്നും എന്നാൽ ഇത് അസാധ്യമാണെന്നും രാഹുൽ പറഞ്ഞു.
ഒരാൾക്ക് വോട്ട് രേഖപ്പെടുത്തണമെങ്കിൽ ഏകദേശം മൂന്ന് മിനിറ്റ് വരെയെടുക്കുമെന്നും അങ്ങനെ കണക്കു കൂട്ടുകയാണെങ്കിൽ പുലർച്ചെ രണ്ടു വരെ വോട്ടർമാരുടെ ക്യൂ ഉണ്ടാകേണ്ടിയിരുന്നുവെന്നും രാഹുൽ പറഞ്ഞു.
ഇതിനെപ്പറ്റിയുള്ള വീഡിയോ ചോദിച്ചപ്പോൾ അവർ അനുമതി നിഷേധിച്ചുവെന്നും നിയമം ഭേദഗതി ചെയ്തതിലൂടെ ഇനി വീഡിയോ ആവശ്യപ്പെടാനാവില്ലെന്നും രാഹുൽ ആരോപിച്ചു.