നിഷികാന്ത് ദുബെയുടെ പരാമർശം രാഷ്ട്രീയ വിവാദത്തിലേക്ക്
സ്വന്തം ലേഖകൻ
Monday, April 21, 2025 3:20 AM IST
ന്യൂഡൽഹി: ബിജെപി നേതാവും ജാർഖണ്ഡിൽനിന്നുള്ള പാർലമെന്റ് അംഗവുമായ നിഷികാന്ത് ദുബെ സുപ്രീംകോടതിക്കെതിരേ നടത്തിയ പരാമർശങ്ങൾ പുതിയ രാഷ്ട്രീയ പോരിനു വഴി തുറന്നു.
സുപ്രീംകോടതി പരിധി വിടുകയാണെന്നും പരമോന്നത കോടതി നിയമങ്ങളുണ്ടാക്കാൻ തുടങ്ങുകയാണെങ്കിൽ പാർലമെന്റ് മന്ദിരം അടച്ചിടാമെന്നുമായിരുന്നു ദുബെയുടെ പ്രസ്താവന. രാജ്യത്ത് മത സ്പർധയ്ക്ക് പ്രേരണ നൽകുന്നത് സുപ്രീംകോടതിയാണെന്നും ദുബെ ആരോപിച്ചു. ഇതിനെതിരെ കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തു വന്നു. വിവാദ പരാമർശത്തിൽ ദുബെയ്ക്കെതിരേ സ്വമേധയാ കേസെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ദുബെ അടക്കമുള്ളവർ നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എംപിമാരുടെ ഇത്തരം നിലപാടുകളോട് പാർട്ടിക്ക് യോജിപ്പില്ലെന്നും അതിനാൽ ഇത്തരം പരാമർശങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ മുന്നറിയിപ്പ് നൽകി.
ദുബെയ്ക്കു പുറമെ പാർട്ടിയുടെ മറ്റൊരു എംപിയായ ദിനേശ് ശർമയും സുപ്രീംകോടതി നിലപാടുകൾക്കെതിരേ രംഗത്തു വന്നിരുന്നു.
ദുബെയുടെ പരാമർശത്തിനെതിരേ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അനുമതി തേടി സുപ്രീംകോടതി അഭിഭാഷകൻ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിക്ക് കത്തെഴുതി. പരമോന്നത നീതിപീഠത്തിനെതിരേ അപകീർത്തിപരമായ പരാമർശമാണ് ദുബെ നടത്തിയതെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകൻ അനസ് തൻവീറാണ് അറ്റോണിക് ജനറലിനു കത്തെഴുതിയത്.
സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മർദത്തിലാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ദുബെയ്ക്കെതിരേ സ്പീക്കർ നടപടിയെടുക്കണമെന്നും കോണ്ഗ്രസിന്റെ സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ബിജെപി എംപിയുടെ പ്രസ്താവന പരമോന്നത കോടതിക്കെതിരേയുള്ള കലാപ ആഹ്വാനമാണെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു.
സുപ്രീംകോടതിയുടെ മതേതര നിലപാടിനെ ചോദ്യംചെയ്യരുതെന്ന് മുൻ ജഡ്ജി എ.കെ. ഗാംഗുലിയും പ്രതികരിച്ചു. വഖഫ് ഭേദഗതി നിയമത്തിനെതിരെയും സംസ്ഥാനം പാസാക്കിയ ബില്ലുകൾക്ക് അനുമതി വൈകിക്കുന്നതിനെതിരേയും സുപ്രീംകോടതി കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിച്ച നിലപാടാണ് ദുബെയെ ചൊടിപ്പിച്ചത്.