സിവിൽ സർവീസ് ദിനം: പുരസ്കാരങ്ങൾ ഇന്ന് പ്രധാനമന്ത്രി സമ്മാനിക്കും
Monday, April 21, 2025 3:20 AM IST
ന്യൂഡൽഹി: 17-ാമത് സിവിൽ സർവീസ് ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട മുൻഗണനാ പദ്ധതികളും നൂതനാശയങ്ങളും ഫലപ്രദമായി നടപ്പിലാക്കിയതിന്, പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങൾ ജില്ലകൾക്കും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും പ്രധാനമന്ത്രി സമ്മാനിക്കും. കൂടാതെ സമഗ്ര വികസനത്തെയും നൂതനാശയങ്ങളെയും സംബന്ധിക്കുന്ന ഇ-ബുക്കുകൾ പ്രധാനമന്ത്രി പ്രകാശനം ചെയ്യും. വിജ്ഞാൻ ഭവനിലാണ് സർവീസ് ദിന സമ്മേളനം.
പുരസ്കാരദാന ചടങ്ങിനുശേഷം "സിവിൽ സർവീസ് പരിഷ്കാരങ്ങൾ- വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തിൽ കാബിനറ്റ് സെക്രട്ടറി ഡോ. ടി.വി. സോമനാഥൻ അധ്യക്ഷത വഹിക്കുന്ന പ്ലീനറി സെഷൻ നടക്കും. നഗര ഗതാഗതം ശക്തിപ്പെടുത്തൽ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി - ജൻ ആരോഗ്യ യോജന, ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നിവയിലൂടെ ആരോഗ്യപൂർണ ഭാരതം പ്രോത്സാഹിപ്പിക്കൽ, മിഷൻ സക്ഷം അങ്കണവാടി, പോഷൺ 2.0 എന്നിവയിലൂടെ വനിതകൾക്കും കുട്ടികൾക്കും ഉള്ള പോഷകാഹാരം പ്രോത്സാഹിപ്പിക്കൽ, ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം എന്നിവയെക്കുറിച്ചുള്ള നാല് സെഷനുകൾ സംഘടിപ്പിക്കും.
നഗര ഗതാഗതം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സെഷനിൽ ഭവന നഗരകാര്യമന്ത്രി മനോഹർ ലാൽ, ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നഡ്ഡ, വനിതാ-ശിശു വികസന മന്ത്രി അന്നപൂർണ ദേവി, നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യം എന്നിവർ വിവധ സെഷനുകളിൽ അധ്യക്ഷത വഹിക്കും.
ചീഫ് സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, കേന്ദ്ര പരിശീലന സ്ഥാപനങ്ങളുടെ തലവന്മാർ, റസിഡന്റ് കമ്മീഷണർമാർ, കേന്ദ്ര സേവനങ്ങളിലെ ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കും.