കർണാടക ഡിജിപിയുടെ മരണം ; ഭാര്യയുടെയും മകളുടെയും പങ്ക് പോലീസ് അന്വേഷിക്കുന്നു
Tuesday, April 22, 2025 2:59 AM IST
ബംഗളൂരു: കർണാടക ഡിജിപി ഓം പ്രകാശിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഭാര്യ പല്ലവി, മകൾ കൃതി എന്നിവരെ പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ഓംപ്രകാശിന്റെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞശേഷം കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നുവെന്നാണു മകൻ കൃതികേഷ് പോലീസിൽ മൊഴി നല്കിയത്.
കൃത്യം നടത്തിയശേഷം വീഡിയോ കോളിൽ തന്റെ സുഹൃത്തിനോട്, ആ ഭീകരജീവിയെ താൻ കൊന്നുവെന്ന് അമ്മ വിളിച്ചുപറഞ്ഞതായും മൊഴിയിലുണ്ട്.സ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
കലഹത്തിനിടെ കഴിഞ്ഞയാഴ്ച സഹോദരിയുടെ വസതിയിലേക്ക് ഓംപ്രകാശ് താമസം മാറ്റിയെങ്കിലും രണ്ടു ദിവസം മുന്പ് മകൾ കൃതി നിർബന്ധപൂർവം അച്ഛനെ വീട്ടിലേക്കു തിരികെ കൊണ്ടുവന്നതാണ്.
ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ ഡോംലൂരിലെ ഗോൾഫ് അസോസിയേഷന്റെ ഓഫീസിലിരിക്കുന്പോൾ ഒരു ഫോൺ കോൾ വന്നു. അയൽവാസിയാണ് വിളിച്ചത്. അച്ഛൻ എച്ച്എസ്ആർ ലേ ഔട്ടിലെ വീട്ടിൽ മരിച്ചുകിടക്കുന്നുവെന്നായിരുന്നു സന്ദേശം. വീട്ടിലെത്തിയ ഞാൻ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അച്ഛനെയാണ്.
കുടിവെള്ള ബോട്ടിലും കത്തിയും മൃതദേഹത്തിനു സമീപമുണ്ടായിരുന്നു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിഹാർസ്വദേശിയായ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശിനെ 2015 മാർച്ച് ഒന്നിനാണ് കർണാടക ഡിജിപിയായി നിയമിച്ചത്.