എംടിക്ക് പദ്മവിഭൂഷൺ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, പി.ആർ. ശ്രീജേഷ്, ശോഭന എന്നിവർക്ക് പദ്മഭൂഷൺ
Sunday, January 26, 2025 1:16 AM IST
ന്യൂഡൽഹി: അന്തരിച്ച വിഖ്യാത മലയാള എഴുത്തുകാരൻ എം.ടി. വാസുദേവൻനായർക്ക് പദ്മവിഭൂഷൺ നല്കി രാജ്യത്തിന്റെ ആദരം. മരണാനന്തര ബഹുമതിയായാണ് എംടിക്ക് പദ്മവിഭൂഷൺ നല്കിയത്.
ഒളിന്പ്യൻ പി.ആർ. ശ്രീജേഷിനും ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും നടി ശോഭനയ്ക്കും പദ്മഭൂഷൺ ലഭിച്ചു. രാജ്യത്താകെ ഏഴു പേർക്ക് പദ്മവിഭൂഷണും 19 പേർക്ക് പദ്മഭൂഷണും 113 പേർക്ക് പദ്മശ്രീയും ലഭിച്ചു.
2005ൽ എംടിക്ക് പദ്മഭൂഷൺ ലഭിച്ചിരുന്നു. ഫുട്ബോൾ താരം ഐ.എം. വിജയൻ, സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി, മൃദംഗവിദ്വാൻ ഗുരുവായൂർ ദൊരൈ എന്നീ മലയാളികൾക്ക് പദ്മശ്രീ ലഭിച്ചു. നടി ശോഭനയ്ക്കും ഗുരുവായൂർ ദൊരൈക്കും തമിഴ്നാടിന്റെ പട്ടികയിലാണ് അവാർഡ് ലഭിച്ചത്.
ദുവ്വൂർ നാഗേശ്വര റെഡ്ഡി (വൈദ്യം-തെലുങ്കാന), ജസ്റ്റീസ്(റിട്ട) ജഗദീഷ് സിംഗ് ഖേഹർ(ചണ്ഡിഗഡ്), കുമുദിനി രജനീകാന്ത് ലഖിയ(ഗുജറാത്ത്), ഒസാമു സുസുക്കി(ജപ്പാൻ), ശാരദ സിൻഹ(ബിഹാർ) എന്നിവരാണ് പദ്മവിഭൂഷണ് ലഭിച്ച മറ്റുള്ളവർ. ഇവരിൽ ഒസാമു സുസുക്കിക്കും ശാരദ സിൻഹയ്ക്കും മരണാനനന്തരമായാണു ബഹുമതി ലഭിച്ചത്.
ചലച്ചിത്രതാരങ്ങളായ അജിത്, നന്ദമൂരി ബാലകൃഷ്ണ, അനന്ത് നാഗ്, സംവിധായകൻ ശേഖർ കപൂർ എന്നിവർക്കു പദ്മഭൂഷണ് ലഭിച്ചു. വിശ്വഹിന്ദു പരിഷത് നേതാവ് സാധ്വി ഋതംബരയ്ക്ക് പദ്മഭൂഷണും ക്രിക്കറ്റ് താരം ആർ. അശ്വിനു പദ്മശ്രീയും ലഭിച്ചു.