ബംഗ്ലാദേശിലേക്ക് ഐഎസ്ഐ ഏജന്റുമാർ; വേണ്ടിവന്നാൽ നടപടിയെന്ന് ഇന്ത്യ
Sunday, January 26, 2025 1:16 AM IST
ന്യൂഡൽഹി: ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ചാരന്മാരെയും പാക്കിസ്ഥാൻ ബംഗ്ലാദേശിലേക്ക് അയച്ചുവെന്ന വാർത്തകൾക്കു പിന്നാലെ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയം. കൂടിക്കാഴ്ചയുടെ കൂടുതൽ പുരോഗതികളെപ്പറ്റി അന്വേഷിക്കുകയാണെന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നു വന്നാൽ അനിവാര്യമായ നടപടികളെടുക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പാക്കിസ്ഥാൻ ഇന്റർസർവീസ് ഇന്റലിജൻസിലെ (ഐഎസ്ഐ) ഉന്നത പ്രതിനിധികളുടെ സംഘമാണ് ബംഗ്ലാദേശിൽ നാലുദിന സന്ദർശനത്തിനെത്തിയത് എന്നാണ് റിപ്പോർട്ട്.
പാക്കിസ്ഥാനിലെ പ്രധാന രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഡയറക്ടർ ജനറൽ മേജർ ഷഹീദ് അമീർ അഫ്സറുടെ നേതൃത്വത്തിലായിരുന്നു പ്രതിനിധിസംഘത്തിന്റെ സന്ദർശനം. അടുത്തിടെ ബംഗ്ലാദേശിലെ സൈനിക അധികാരികൾ പാക്കിസ്ഥാനിലെ ഉന്നത സൈനികവൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാനിലെ ഐഎസ്ഐ സംഘം ബംഗ്ലാദേശ് സന്ദർശിക്കുന്നത്.
കഴിഞ്ഞമാസം ബംഗ്ലാദേശ് പാക്കിസ്ഥാൻ പൗരന്മാർക്കുള്ള വീസ നിയന്ത്രണങ്ങളിലും ഇളവ് പ്രഖ്യാപിച്ചിരുന്നു. ഐഎസ്ഐ ഏജന്റുമാർക്ക് ബംഗ്ലാദേശ് മണ്ണിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിനാണ് ഈ ഇളവെന്ന് വ്യാപകമായി ആരോപണവും ഉണ്ടായിരുന്നു.
ജനാധിപത്യമുള്ളതും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ബംഗ്ലാദേശിനെയാണ് ഇന്ത്യ പിന്തുണയ്ക്കു ന്നതെന്നും ബംഗ്ലാദേശുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയെന്നതാണ് രാജ്യത്തിന്റെ താത്പര്യമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്ധീർ ജയ്സ്വാൾ പറഞ്ഞു.
രാജ്യത്തിനെ ചുറ്റിയുള്ള എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുമെന്നും രാജ്യസുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും ജയ്സ്വാൾ പറഞ്ഞു.
ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷെയ്ഖ് ഹസീന സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിനു ശേഷം ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധത്തിൽ വിള്ളൽ വീണിരുന്നു.