സാന്പത്തികവളർച്ച യുവജനങ്ങളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കും: രാഷ്ട്രപതി
Sunday, January 26, 2025 1:16 AM IST
ന്യൂഡൽഹി: സാന്പത്തികവളർച്ച രാജ്യത്തെ യുവജനങ്ങളുടെ തൊഴിലവസരങ്ങൾ ഉയർത്തുമെന്നു രാഷ്ട്രപതി ദ്രൗപദി മുർമു.
ശക്തമായ, ദീർഘവീക്ഷണത്തോടുകൂടിയ സാന്പത്തിക പുരോഗതിയാണ് സന്പദ്ഘടനയുടെ വളർച്ചയ്ക്കു കാരണം. സമീപവർഷങ്ങളിൽ വളർച്ച സുസ്ഥിരമായി നിലനിൽക്കുമെന്നും എഴുപത്തിയാറാമതു റിപ്പബ്ലിക് ദിനത്തിന്റെ തലേന്നു രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു.
റോഡ്, റെയിൽ, തുറമുഖം ഉൾപ്പെടെ അടിസ്ഥാനസൗകര്യമേഖലയിൽ നടത്തിയ നിക്ഷേപങ്ങൾ അടുത്ത ദശകത്തിൽ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് അടിസ്ഥാനമാകും. രണഘടനയുടെയും ഇന്ത്യയുടെ സമ്പന്നമായ നാഗരിക പൈതൃകത്തിന്റെയും പ്രാധാന്യവും എടുത്തുപറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.
ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമ്മുടെ കൂട്ടായ സ്വത്വത്തിന്റെ ആത്യന്തിക അടിത്തറയാണ് ഭരണഘടന. ഒരു കുടുംബമെന്ന നിലയില്‍ അത് നമ്മളെ ബന്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരികതകളില്‍ ഒന്നാണ് ഇന്ത്യയുടേത്. അറിവിന്റെയും ജ്ഞാനത്തിന്റെയും ഉറവിടമായിരുന്ന ഇന്ത്യ ഒരു കാലത്ത് ലോകം മുഴുവൻ അറിയപ്പെട്ടിരുന്നു- രാഷ്ട്രപതി പറഞ്ഞു.
പല ഘട്ടങ്ങളിലായി രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പിനു പകരമായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി പാർലമെന്റിൽ ബിൽ അവതരിപ്പിച്ചതും ദ്രൗപദി മുർമു എടുത്തുപറഞ്ഞു.