വാട്സ്ആപ്- ഫേസ്ബുക്ക് ഡേറ്റ പങ്കുവയ്ക്കൽ വിലക്കു നീക്കി
Friday, January 24, 2025 2:42 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഫേസ്ബുക്കിന്റെ കന്പനിയായ മെറ്റയും അവരുടെ തന്നെ കീഴിലുള്ള വാട്സ്ആപ്പും തമ്മിൽ പരസ്യ ആവശ്യങ്ങൾക്കായി ഉപഭോക്താക്കളുടെ വിവരങ്ങൾ (ഡേറ്റ) പങ്കിടുന്ന രീതികൾക്ക് കോന്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഏർപ്പെടുത്തിയ അഞ്ചുവർഷത്തെ വിലക്കിനു സ്റ്റേ.
ദേശീയ കന്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിന്റെതാണു (എൻസിഎൽഎടി) നടപടി. എന്നാൽ സിസിഐ ചുമത്തിയ 213 കോടി രൂപ പിഴയുടെ 50 ശതമാനം രണ്ടാഴ്ചയ്ക്കുള്ളിൽ നിക്ഷേപിക്കാൻ കന്പനി നിയമ ട്രൈബ്യൂണൽ മെറ്റയോടു നിർദ്ദേശിച്ചു.
മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ഭീമൻ വാട്സ്ആപ്- മെറ്റ ഡേറ്റ ഷെയറിംഗിലെ ആന്റിട്രസ്റ്റ് നിരോധനമാണു താത്കാലികമായി നീക്കിയത്. സോഷ്യൽ മീഡിയകളിലെ മൽസരം ഇല്ലാതാക്കുന്ന ആധിപത്യപദവി വാട്സ്ആപും മെറ്റയും ദുരുപയോഗം ചെയ്തുവെന്നതിനു കൂടിയായിരുന്നു നിരോധനവും പിഴയും.
കോന്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവിനു ഭാഗിക സ്റ്റേ നൽകാനുള്ള എൻസിഎൽഎടിയുടെ തീരുമാനത്തെ മെറ്റ സ്വാഗതം ചെയ്തു. മെറ്റയ്ക്ക് ആശ്വാസമായ ഉത്തരവു പരിശോധിച്ച് അടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മെറ്റ വ്യക്തമാക്കി. പിഴയുടെ 25 ശതമാനം ഇതിനകം അടച്ചുവെന്നു കന്പനി അറിയിച്ചു.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു കോന്പറ്റീഷൻ കമ്മീഷന്റെ നിരോധനവും പിഴയും. വാട്സ്ആപ്പിന്റെ പ്ലാറ്റ്ഫോമിൽ ശേഖരിക്കുന്ന ഉപയോക്തൃ വിവരങ്ങൾ പരസ്യ ആവശ്യങ്ങൾക്കായി മെറ്റയുടെ മറ്റ് ഉത്പന്നങ്ങളോ കന്പനികളോ ആയി അഞ്ചു വർഷത്തേക്കു പങ്കിടരുതെന്നു വാട്സ്ആപ്പിനോടു നിർദേശിച്ചു.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ മെറ്റ ദുരുപയോഗം ചെയ്തതിനെതിരേ 213.14 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. മത്സരം ഇല്ലാതാക്കുന്ന രീതികൾ അവസാനിപ്പിക്കാനും അത്തരം ശ്രമങ്ങളിൽ നിന്നു വിട്ടുനിൽക്കാനും മെറ്റയോട് കോന്പറ്റീഷൻ കമ്മീഷൻ നിർദേശിച്ചു.
വാട്സ്ആപ്പിന്റെ പുതുക്കിയ സ്വകാര്യതാ നയത്തെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമായിരുന്നു കോന്പറ്റീഷൻ കമ്മീഷന്റെ ഉത്തരവ്. ഉപഭോക്താക്കളുടെ വ്യക്തിവിവരം അടക്കമുള്ള വിശദാംശങ്ങൾ മെറ്റ (ഫേസ്ബുക്ക്), ഇൻസ്റ്റാഗ്രാം പോലുള്ള ഗ്രൂപ്പിന്റെ സമൂഹമാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ വാട്സ്ആപ്പിന്റെ 2021 മാർച്ചിലെ സ്വകാര്യതാ നയം അനുവദിച്ചിരുന്നു.
മെറ്റയുടെ കന്പനികളുമായി നിർബന്ധിത ഡേറ്റ പങ്കിടൽ പ്രാപ്തമാക്കുന്ന ഈ നയം ഡേറ്റ ശേഖരണത്തിന്റെ വ്യാപ്തിയും വിപുലമാക്കുന്നുവെന്ന് കമ്മീഷൻ വിലയിരുത്തി. അന്യായമായ ബിസിനസ് മാർഗങ്ങളാണ് വാട്സ്ആപ്പും മെറ്റയും തുടരുന്നത്. മത്സര വിരുദ്ധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിശ്ചിത സമയപരിധിക്കുള്ളിൽ ചില പെരുമാറ്റ പരിഹാരങ്ങൾ നടപ്പിലാക്കാൻ മെറ്റ, വാട്സ്ആപ് എന്നിവയോട് 2024 നവംബർ 18ലെ 156 പേജുള്ള ഉത്തരവിൽ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
മെറ്റയുടെ ബിസിനസ് മോഡൽ തകർക്കുമെന്ന് ട്രൈബ്യൂണൽ
• ഡേറ്റ പങ്കുവയ്ക്കുന്നതിലുള്ള നിരോധനം രാജ്യത്തു വാട്സ്ആപ്പിന്റെ ബിസിനസ് മോഡലിനെ തകർക്കുമെന്ന് ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ഇന്ത്യയുടെ കന്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണൽ. വാട്സ്ആപ്പിന്റെ ഉപയോക്താക്കൾക്കു സേവനങ്ങൾ സൗജന്യമായാണു നൽകുന്നത്. 2021ലെ സ്വകാര്യതാ നയം സ്റ്റേ ചെയ്യുന്നതിനുള്ള ഇടക്കാല ഉത്തരവ് സുപ്രീം കോടതി അനുവദിച്ചിട്ടില്ലെന്ന് ട്രൈബ്യൂണൽ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ഡിജിറ്റൽ പേഴ്സണൽ ഡേറ്റ പ്രൊട്ടക്്ഷൻ ആക്ട് 2023 പാസാക്കിയിട്ടുണ്ട്. ഡേറ്റ പരിരക്ഷണവും ഡേറ്റ പങ്കിടലും സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന ഡേറ്റ സംരക്ഷണ നിയമം നടപ്പിലാകാൻ സാധ്യതയുണ്ട്. വിവര സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ ഈ നിയമം നടപ്പിലാകുന്നതോടെ പരിഹരിക്കുമെന്ന് ബെഞ്ച് അവകാശപ്പെട്ടു.
• വാട്സ്ആപ്പിന് പ്രതിമാസം 50 കോടിയിലധികവും ഫേസ്ബുക്കിന് 35 കോടിയിലധികവും സജീവ ഉപയോക്താക്കളുള്ള ഇന്ത്യയാണ് ലോകത്തിൽ മെറ്റയുടെ ഏറ്റവും വലിയ വിപണി.