‘മൊഹല്ല’കൾ വോട്ടായി മാറുന്പോൾ
Saturday, January 25, 2025 2:18 AM IST
സീനോ സാജു
ന്യൂഡൽഹി: ‘മൊഹല്ല’ എന്ന ഹിന്ദി വാക്കിനർത്ഥം അയൽപക്കം എന്നാണ്. ഡൽഹിയിൽ മിക്ക ഗലികളിലും മൊഹല്ല ക്ലിനിക്കുകളുണ്ടാവും. താമസസ്ഥലത്തുനിന്നു നടന്നോ ഓട്ടോയിലോ എത്താവുന്ന ദൂരം മാത്രം. ചെറിയൊരു ബോക്സ് മാതൃകയിലുള്ള പോർട്ടബിൾ കെട്ടിടങ്ങളാണ് മിക്ക ക്ലിനിക്കുകളും.
പുറമേ നോക്കുന്പോൾ ചെറുകെട്ടിടമാണെന്നു തോന്നുമെങ്കിലും സേവനം ഉന്നതനിലവാരമുള്ളതാണ്. ഒരു ഡോക്ടർ, ഒരു നഴ്സ്, ഒരു ഫാർമസിസ്റ്റ് എന്നിങ്ങനെയാണ് ജനസേവകർ. നന്പർ നൽകിയാൽ ടാബ്ലെറ്റിൽ രജിസ്ട്രേഷൻ. രോഗിയുടെ വിവരങ്ങളും ഫോട്ടോയും രജിസ്റ്റർ ചെയ്തതിനു ശേഷം വിവരം നേരേ ഡോക്ടറുടെ ടാബ്ലെറ്റിലേക്ക്.
ഡോക്ടറുടെ പരിശോധന കഴിഞ്ഞാൽ മരുന്നടക്കമുള്ള വിവരങ്ങൾ ഡോക്ടർ ഫാർമസിസ്റ്റിന്റെ ടാബിലേക്കയയ്ക്കും. അവിടെനിന്ന് സൗജന്യ മരുന്ന്. ഇതാണ് ആം ആദ്മി സർക്കാരിന്റെ അഭിമാന പദ്ധതിയായ മൊഹല്ല ക്ലിനിക്കുകൾ.
അവിടെ നിന്നിറങ്ങുന്ന ഒരു രോഗിയോടു വോട്ട് ആർക്കാണെന്ന് ചോദിച്ചപ്പോൾ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ, ‘ഫിർ ലായേംഗേ കേജരിവാൾ’. ഭരണകാലത്തു തങ്ങൾ നടപ്പാക്കിയ ആരോഗ്യവിപ്ലവം സാധാരണക്കാർ വോട്ടാക്കി തിരികെ നൽകുമെന്ന പ്രതീക്ഷയിലാണ് കേജരിവാളും എഎപിയും.
മൊഹല്ല ക്ലിനിക്കുകൾ എന്ന ഗംഭീര ആശയം എഎപി സർക്കാർ ആദ്യമായി നടപ്പിലാക്കിയത് 2015ലാണ്. സാധാരണക്കാരുടെ ആരോഗ്യബജറ്റിനു വലിയൊരാശ്വാസമായിരുന്നു ഇത്. അന്നത്തിനുവേണ്ടി മാത്രം ദിവസക്കൂലിക്ക് പണിയെടുക്കുന്ന വലിയ വിഭാഗം ജനങ്ങൾക്ക് മാസം 500 മുതൽ 2000 രൂപ വരെയാണ് എഎപി സർക്കാർ ലാഭിച്ചു നൽകിയത്.
‘അയൽപക്കത്തെ’ ലോകോത്തര ആശുപത്രികൾ മികച്ച സേവനം ലഭ്യമാക്കിയപ്പോൾ ആശുപത്രികൾക്ക് മുന്നിലുമുണ്ടായിരുന്ന ഭീമൻ ക്യൂവിനും യാത്രാചെലവിനും അറുതിയായി. ഡോക്ടർമാർക്കും ഫാർമസിസ്റ്റുമാർക്കും ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങളുമുണ്ടായി. സർക്കാർ കണക്കനുസരിച്ച് ഇതുവരെ ഒരു കോടിയിൽ കൂടുതൽ ജനങ്ങളാണ് മൊഹല്ലക്ലിനിക്കുകൾ ഉപയോഗപ്പെടുത്തിയത്.
ഡൽഹിയിലെ മൊഹല്ല ക്ലിനിക് സന്ദർശിച്ച കോഫി അണ്ണൻ പദ്ധതിയെ പ്രകീർത്തിച്ചു മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിന് കത്തെഴുതിയിരുന്നു.
നോർവേ പ്രധാനമന്ത്രിയും മുൻ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഗ്രോ ഹാർലെം ബ്രട്ട്ലൻഡും മൊഹല്ല ക്ലിനിക്കുകൾ സന്ദർശിച്ച പ്രമുഖരാണ്. പദ്ധതി രാഷ്ട്രീയമായും സാന്പത്തികമായും വിജയിച്ചതോടെ പഞ്ചാബിലും ആം ആദ്മി പാർട്ടി സർക്കാർ മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിച്ചു. ഡൽഹിയിൽ ഇതുവരെ അഞ്ഞൂറിലധികം മൊഹല്ല ക്ലിനിക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
2020 തെരഞ്ഞെടുപ്പിന് മുന്പ് 1000 ക്ലിനിക്കുകൾ സ്ഥാപിക്കുമെന്നായിരുന്നു കേജരിവാളിന്റെ പ്രഖ്യാപനമെങ്കിലും എഎപിയുടെ മറ്റു പ്രഖ്യാപനങ്ങൾ പോലെ തന്നെ ഇതും ഭാഗികമായി. പലതും പ്രവർത്തിക്കുന്നില്ല.
പലയിടത്തും മതിയായ സ്റ്റാഫുകളുമില്ല. രോഗികളുടെ നീളൻ ക്യൂവും ബുദ്ധിമുട്ടാകുന്നുണ്ട്. നിലവാരമില്ലാത്ത മരുന്നാണു നൽകുന്നതെന്ന് ആരോപിച്ചു ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും ശോഭ കെടുത്തുന്നതായി.
ഡൽഹിയിലെ ആരോഗ്യ-വിദ്യാഭ്യാസരംഗം എഎപി സർക്കാരിന്റെ വിപ്ലവാത്മകമായ നിലപാടുകൾക്ക് വിധേയമായി പരിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്പൊഴും അഴിമതിക്കറകളും ഭരണവിരുദ്ധ വികാരവും എഎപിക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
കഴിഞ്ഞദിവസം എഎപി ഡൽഹിയിലെ ആരോഗ്യരംഗത്തു 382 കോടി രൂപയുടെ അഴിമതി നടത്തിയെന്ന കോണ്ഗ്രസ് ആരോപണവും ചേർത്തുവായിച്ചാൽ ആരോഗ്യരംഗം എഎപിക്കു തിരിച്ചടിയാകുമോയെന്ന സംശയം ബാക്കിയാകുന്നുണ്ട്.
കേജരിവാൾ ഈ പ്രചാരണകാലത്തു പ്രഖ്യാപിച്ച സഞ്ജീവനി യോജന പോലുള്ള പദ്ധതികൾ വീണ്ടും വോട്ടായി മാറുമെന്ന് ആം ആദ്മി പാർട്ടി പ്രതീക്ഷിക്കുന്നു. ത്രികോണ പോരാട്ടത്തിൽ കോണ്ഗ്രസും ബിജെപിയും സമാന പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ’കേജരിവാൾ പറയുന്നു, കേജരിവാൾ നടപ്പിലാക്കുന്നു’ എന്നാണ് വോട്ടർമാർ പറയുന്നത്. അതാണ് ആം ആദ്മിയുടെ വിജയവും.