ധീരസൈനികർക്കു രാജ്യത്തിന്റെ ആദരം
Sunday, January 26, 2025 1:16 AM IST
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ധീരസൈനികര്ക്കുള്ള സേനാമെഡലുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മാവോയിസ്റ്റ് ഭീഷണിക്കെതിരേ പോരാടിയ 19 സിആര്‍പിഎഫ് ഭടന്മാര്ക്കുള്പ്പെടെ 93 സുരക്ഷാഭടന്മാർക്കാണ് എഴുപത്തിയാറാം റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ ആദരം. പതിനൊന്നു പേർക്കു മരണാനന്തര ബഹുമതിയായാണു പുരസ്കാരം.
രണ്ട് കീർത്തിചക്ര പുരസ്കാരങ്ങളും 14 ശൗര്യചക്ര പുരസ്കാരങ്ങളും 66 സേനാ മെഡലുകളും ഉൾപ്പെടെയാണിത്. പഞ്ചാബ് 22 റെജിമെന്റിലെ മേജർ മഞ്ജിതിനു പുറമേ മരണാനന്തര ബഹുമതിയായി നായിക് ദിൽവാർ ഖാനും സമ്മാനിക്കും.
മേജര്‍ ആശിഷ് ദാഹിയ, മേജര്‍ കുനാല്‍, മേജര്‍ സതേന്ദര്‍ ധങ്കര്‍, ക്യാപ്റ്റന്‍ ദീപക് സിംഗ്, അസിസ്റ്റന്റ് കമൻഡാന്റ് എഷെന്തുംഗ് കിക്കോണ്‍, സുബേദാര്‍ വികാസ് തോമര്‍, മോഹന്‍ റാം, ഹവിൽദാമാരായ രോഹിത് കുമാര്‍, പ്രകാശ് തമാംഗ്, അമന് സിംഗ് ഹാന്‍സ്, ദാഭി സഞ്ജയ് ഹിഫാബായ്, മലയാളിയായ വിജയന് കുട്ടി ജി, വിക്രാന്ത് കുമാര്‍ തുടങ്ങിയവർക്കാണ് ശൗര്യചക്ര പുരസ്കാരങ്ങൾ.
30 പരം വിശിഷ്ട സേനാ മെഡലുകളും അഞ്ച് ഉത്തരം യുദ്ധസേവാ മെഡലുകളും 57 അതിവിശിഷ്ട സേവാ മെഡലുകളും ഉൾപ്പെടെ സായുധസേനകൾക്കുള്ള 305 പുരസ്കാരങ്ങളും സമ്മാനിക്കും.