ജൽഗാവ് ട്രെയിൻ ദുരന്തം: മരിച്ചവരിൽ നാലു നേപ്പാളികളും
Friday, January 24, 2025 2:41 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ നാലു നേപ്പാൾ സ്വദേശികളും. ഒന്പതു നേപ്പാളുകാരാണ് പുഷ്പക് ട്രെയിനിലുണ്ടായിരുന്നത്. കമല നവീൻ ഭണ്ഡാരി(43), ജവകല ഭാതെ(60), ലഛിറാം ഖട്ടാരു പാസി(40), ഇംതിയാസ് അലി(11) എന്നിവരാണ് മരിച്ച നേപ്പാളുകാർ.
ജൽഗാവ് ദുരന്തത്തിൽ മരണം 13 ആയി. തലയില്ലാത്ത ഒരു മൃതദേഹം ഇന്നലെ ട്രാക്കിൽനിന്നു കണ്ടെടുത്തു. എട്ടു മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം. ലക്നോ-മുംബൈ പുഷ്പക് എക്സ്പ്രസിൽ തീപിടിത്തമുണ്ടായെന്ന അഭ്യൂഹത്തെത്തുടർന്ന് ചിലർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. തുടർന്ന് തൊട്ടടുത്ത ട്രാക്കിലേക്ക് ചാടിയിറങ്ങിയ ആളുകളെ എതിർ ദിശയിൽ വന്ന കർണാടക എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
പുഷ്പക് ട്രെയിനിന്റെ ജനറൽ കോച്ചിന്റെ അകത്ത് തീപ്പൊരിയോ തീപിടിത്തമോ ഉണ്ടായില്ലെന്ന് റെയിൽവേ ബോർഡ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ്കുമാർ പറഞ്ഞു.