പതഞ്ജലിയുടെ മുളകുപൊടി വിപണിയിൽനിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ട് എഫ്എസ്എസ്എഐ
Saturday, January 25, 2025 2:18 AM IST
ന്യൂഡൽഹി: പതഞ്ജലിയുടെ നാലു ടൺ മുളകുപൊടി വിപണിയിൽനിന്നു പിൻവലിക്കാൻ ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ). ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്നാണ് നടപടി.
എജെഡി2400012 എന്ന ബാച്ചിലെ മുളകുപൊടിയാണ് വിപണിയിൽനിന്നു പിൻവലിക്കാൻ ആവശ്യപ്പെട്ടത്. നാലു ടൺ മുളകുപൊടി(200 ഗ്രാം പാക്ക്) തിരിച്ചുവിളിക്കുമെന്ന് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് സിഇഒ സഞ്ജീവ് അസ്താന പറഞ്ഞു.
മുളകുപൊടി വാങ്ങിയ ഉപയോക്താക്കൾ തിരിച്ചുനല്‍കണമെന്നും പണം തിരികെ നല്‍കുമെന്നും അസ്താന കൂട്ടിച്ചേർത്തു. യോഗാചര്യൻ ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ളതാണ് പതഞ്ജലി ഫുഡ്സ്.