കേജരിവാളിനെപ്പോലെയൊരു നുണയനെ കണ്ടിട്ടില്ല: അമിത് ഷാ
Sunday, January 26, 2025 1:16 AM IST
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിനെപ്പോലെയൊരു നുണയനെ തന്റെ രാഷ്്ട്രീയജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഡൽഹിയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രശ്നം നുണയന്മാരെയും ചതിയന്മാരെയും ഒഴിവാക്കുക എന്നതാണെന്നും ആം ആദ്മി പാർട്ടി മുൻ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ബിജെപിയുടെ മൂന്നാമത്തേതും അവസാനത്തേതുമായ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു അമിത് ഷായുടെ വാക്കുകൾ.
ഡൽഹിയിൽ അധികാരത്തിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് പദ്ധതി ഡൽഹിയിൽ നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.
അനധികൃത കോളനി നിവാസികൾക്ക് വീടുകളുടെ ഉടമസ്ഥാവകാശം, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ് രൂപീകരിച്ച് 10 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ, 50 ലക്ഷം പുതിയ സർക്കാർ ജോലികൾ, 20 ലക്ഷം സ്വയംതൊഴിൽ അവസരങ്ങൾ, 13,000 പുതിയ ഇലക്്ട്രിക് ബസുകൾ എന്നിവയാണ് ബിജെപിയുടെ മൂന്നാം പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
ബിജെപി അധികാരത്തിലെത്തിയാൽ മൂന്നു വർഷത്തിനുള്ളിൽ യമുന വൃത്തിയാക്കുമെന്നും അമിത് ഷാ പറഞ്ഞു.