മുൻ കേന്ദ്രമന്ത്രി ജോൺ ബർല തൃണമൂലിലേക്ക്
Friday, January 24, 2025 2:42 AM IST
അലിപുർദുവാർ: മുൻ കേന്ദ്രമന്ത്രിയും ബംഗാളിലെ പ്രമുഖ ബിജെപി നേതാവുമായ ജോൺ ബർല തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നു റിപ്പോർട്ട്.
ഇന്നലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ബർല വേദി പങ്കിട്ടതാണ് അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണം. അലിപുർദുവാറിലെ കാൽചിനിയിൽ നടന്ന ചടങ്ങിലാണ് ജോൺ ബർല(49) പങ്കെടുത്തത്.
മുഖ്യമന്ത്രി മമതയുടെ ക്ഷണപ്രകാരമാണു താൻ ചടങ്ങിൽ പങ്കെടുത്തതെന്ന് ബർല പറഞ്ഞു. തൃണമൂൽ കോൺഗ്രസിൽ ചേരുകയാണോ എന്ന ചോദ്യത്തിന്, ചർച്ചകൾ നടത്തി തീരുമാനമെടുക്കുമെന്ന് ബർല പറഞ്ഞു.
ജോൺ ബർല ഇപ്പോഴും ബിജെപിയിലാണെന്നും അദ്ദേഹം ഒരു ഘടകമാണെന്ന് കരുതുന്നില്ലെന്നും ബിജെപി രാജ്യസഭാംഗം സമിക് ഭട്ടാചാര്യ പറഞ്ഞു.
അലിപുർദുവാർ മേഖലയിലെ പ്രമുഖ ഗോത്രവർഗനേതാവായ ജോൺ ബർല 2019ലാണ് ബിജെപിയിൽ ചേർന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ അലിപുർദുവാറിൽനിന്ന് 2.43 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബർല ലോക്സഭാംഗമായി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബർലയെ മാറ്റി മനോജ് ടിഗ്ഗയെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. ഭൂരിപക്ഷം കുറഞ്ഞെങ്കിലും ടിഗ്ഗ അലിപുർദുവാർ സീറ്റ് നിലനിർത്തി.