ഗുജറാത്ത് വിദ്യാഭ്യാസ നിയമ ഭേദഗതി: ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഹർജി തള്ളി
Friday, January 24, 2025 2:41 AM IST
അഹമ്മദാബാദ്: ഗുജറാത്ത് വിദ്യാഭ്യാസ നിയമ ഭേദഗതിക്കെതിരേ ന്യൂനപക്ഷസ്ഥാപനങ്ങൾ നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഗുജറാത്ത് സെക്കൻഡറി, ഹയർസെക്കൻഡറി വിദ്യാഭ്യാസ നിയമം 2021 ഭേദഗതിക്കെതിരേയായിരുന്നു ഹർജി.
സ്വകാര്യസ്കൂളുകളിൽ അധ്യാപക, അനധ്യാപക തസ്തിക കളിലെ നിയമനം സംബന്ധിച്ചായിരുന്നു സർക്കാർ ഭേദഗതികൊണ്ടുവന്നത്. മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങൾക്കു സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള ഭരണഘടനാപരമായ അവകാശം ലംഘിക്കുന്നതാണ് നിയമഭേദഗതിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ചീഫ് ജസ്റ്റീസ് സുനിത അഗർവാൾ അധ്യക്ഷയായ ഡിവിഷൻ ബെഞ്ചാണു ഹർജി തള്ളിയത്.
സ്വകാര്യ സെക്കൻഡറി, ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരെ നിയമിക്കുന്നതിനുള്ള യോഗ്യതയും തെരഞ്ഞെടുപ്പ് രീതിയും നിശ്ചയിക്കാനുള്ള അധികാരം നിയമ ഭേദഗതിയിലൂടെ സംസ്ഥാന വിദ്യാഭ്യാസ ബോർഡിലേക്ക് എത്തിച്ചേരും. നിയമഭേദഗതിയിലൂടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കുകയും ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങൾ ലംഘിക്കുകയും ചെയ്തതായി ന്യൂനപക്ഷസ്ഥാപനങ്ങൾ വാദിച്ചു.
എന്നാൽ, നീതിയുക്തവും സുതാര്യവും മെറിറ്റ് അടിസ്ഥാനമാക്കിയുമുള്ള നിയമനങ്ങൾ ഉറപ്പുവരുത്തുകയാണ് നിയമത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യ സ്കൂളുകളിലെ പ്രിൻസിപ്പൽ, അധ്യാപക, അനധ്യാപക ജീവനക്കാരുടെ നിയമനം, സ്ഥാനക്കയറ്റം, പിരിച്ചുവിടൽ തുടങ്ങിയവ നടത്താൻ വിദ്യാഭ്യാസ ബോർഡിന് അധികാരം നൽകുന്നതാണ് പുതിയ നിയമഭേദഗതി.
സർക്കാർ-എയ്ഡഡ്, പ്രൈവറ്റ് സെക്കൻഡറി, ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപകരുടെയും ഹെഡ്മാസ്റ്റർമാരുടെയും നിയമനാധികാരം ഇനി ഗുജറാത്ത് സംസ്ഥാന സ്കൂൾ സർവീസ് കമ്മീഷനാണ്.