ആന എഴുന്നള്ളിപ്പ്: സുപ്രീംകോടതി സ്റ്റേ തുടരും
Friday, January 24, 2025 2:41 AM IST
ന്യൂഡൽഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സുപ്രീംകോടതി സ്റ്റേ തുടരും.
ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന കേരള ഹൈക്കോടതി വിധി അപ്രായോഗികമാണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീംകോടതി നിരസിച്ചത്.
അപേക്ഷയിൽ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു ജസ്റ്റീസ് ബി.വി.നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും ബെഞ്ച് നിർദേശിച്ചു. ഹർജി ഫെബ്രുവരി നാലിന് വീണ്ടും പരിഗണിക്കും.
നിലവിലെ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ആന എഴുന്നള്ളിപ്പ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ശിവരാത്രി ഉൾപ്പെടെയുള്ള ഉത്സവങ്ങൾ വരാനിരിക്കെ അവ തടസപ്പെടുത്താനാണു മൃഗസ്നേഹി സംഘടനയുടെ നീക്കമെന്നു തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സുപ്രീംകോടതിയിൽ ഇന്നലെ വ്യക്തമാക്കി. ആചാരങ്ങളും ആനകളുടെ സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി പറഞ്ഞത്.