ഭിന്നിപ്പുണ്ടാക്കുന്ന പ്രചാരണം നിർത്തണം: തെരഞ്ഞെടുപ്പു കമ്മീഷണർ
Sunday, January 26, 2025 1:16 AM IST
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ വ്യാജവിവരണങ്ങളും ഭിന്നിപ്പുണ്ടാക്കുന്ന പ്രചാരണവും അവസാനിപ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാർ.
ഇത്തരം പ്രചാരണങ്ങൾ മൂലം തെരഞ്ഞെടുപ്പു പ്രക്രിയയിൽ യുവാക്കൾക്കു നിരാശയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ വോട്ടേഴ്സ് ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളിന്റെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അഭ്യർഥന.
തെരഞ്ഞെടുപ്പു പ്രക്രിയയെ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചിട്ടുള്ള ആശങ്കകൾക്കും തെരഞ്ഞെടുപ്പ് മെച്ചപ്പെടുത്താൻ അവർ നൽകിയ നിർദേശങ്ങൾക്കും കമ്മീഷൻ രേഖാമൂലം മറുപടി നൽകുമെന്ന് രാജീവ് കുമാർ പറഞ്ഞു.