യുജിസി കരട് നിർദേശങ്ങൾ; എൻഡിഎയിൽ ഭിന്നത
Thursday, January 23, 2025 3:52 AM IST
ന്യൂഡൽഹി: സർവകലാശാലകളിലെ വിസി നിയമനത്തിന് ചാൻസലർമാർകൂടിയായ ഗവർണർമാർക്ക് സമ്പൂർണ അധികാരം നൽകുന്നതടക്കമുള്ള യുജിസി നിയമ പരിഷ്കരണത്തിന്റെ കരട് നിർദേശങ്ങളിൽ എൻഡിഎയ് ക്കുള്ളിലും ഭിന്നത.
കരട് നിർദേശങ്ങൾക്കെതിരേ കേരള, തമിഴ്നാട് നിയമസഭകൾ ഏകകണ്ഠമായി പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് കേന്ദ്രഭരണത്തിൽ നിർണായക കക്ഷികളായ ജെഡി-യുവും ആന്ധ്രയിലെ തെലുങ്കുദേശം പാർട്ടി (ടിഡിപി) യും ഭിന്നത പരസ്യമായി പ്രകടിപ്പിച്ചത്.
ഉന്നതവിദ്യാഭ്യാസ വിഷയത്തിൽ, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസർക്കാരിന്റെ പങ്കിനെ വിസ്മരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് തെലുങ്കുദേശം പാർട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു.
വിഷയത്തിലുള്ള എതിർപ്പ് സർക്കാരിനെ അറിയിക്കുമെന്ന് ജെഡി-യുവും വ്യക്തമാക്കിക്കഴിഞ്ഞു. വൈസ് ചാൻസലർ നിയമനത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നോക്കുകുത്തിയാക്കുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്ന് ജെഡി-യു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരു റോഡ് മാപ്പുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഉന്നതവിദ്യാഭ്യാസം. പാർട്ടി യുജിസി കരട് നിർദേശങ്ങൾ വിശദമായി പരിശോധിച്ചിട്ടില്ല. എന്നിരുന്നാലും മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾപ്രകാരം ചില ഭേദഗതികൾ ആവശ്യമാണ് -അദ്ദേഹം പറഞ്ഞു.
വിഷയം രാഷ്ട്രീയവത്കരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ തങ്ങൾക്കുള്ള ആശങ്ക ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും ടിഡിപി ദേശീയ വക്താവ് ദീപക് റെഡ്ഢി പറഞ്ഞു. വിദേശത്തുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കമുള്ളവർ തിരിച്ചെത്തിയാലുടൻ വിഷയത്തിൽ ഗൗരവമായ ചർച്ചയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയം പാർലമെന്റിൽ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് മറ്റൊരു എൻഡിഎ സഖ്യകക്ഷിയായ എൽജെപി (രാംവിലാസ് പസ്വാൻ) ദേശീയ വൈസ് പ്രസിഡന്റ് എ.കെ. ബാജ്പയ് പറഞ്ഞു.
പരിമിതമായ അക്കാദമിക് സ്വാതന്ത്ര്യംപോലും ഞെരിച്ചില്ലാതാക്കാനുള്ള ശ്രമമാണ് യുജിസി മാർഗനിർദേശങ്ങളുടെ കരടിൽ പ്രകടമാകുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യമായ അധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ് വിദ്യാഭ്യാസം.
യുജിസി രേഖയിലെ ഏറ്റവും അപകടകരമായ മാർഗനിർദേശം സർവകലാശാലാ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ളതാണ്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുമായി നിരന്തരം കലഹിക്കുന്ന ഗവർണർമാർക്ക് വിസി നിയമനത്തിൽ സമ്പൂർണ അധികാരമാണു കരട് നിർദേശപ്രകാരം കൈവരിക.
വിസിമാർ അക്കാദമിക് പശ്ചാത്തലമുള്ളവരായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ മാറ്റിമറിച്ച് ബ്യൂറോക്രസി, വ്യവസായം തുടങ്ങിയ മേഖലകളിൽനിന്നുള്ളവർക്കും അനുമതി നൽകുന്നതാണ് പുതിയ നിർദേശം.
പൊതുഖജനാവിലെ പണമുപയോഗിച്ചു പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം പൊതുനന്മയിൽ യാതൊരു താത്പര്യവുമില്ലാത്ത കോർപറേറ്റുകളുടെ ചൊൽപ്പടിയിലെത്തിക്കുന്നതിലേക്കാണ് ഇതു വഴിവയ്ക്കുകയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
യുജിസിയുടെ കരട് നിർദേശങ്ങൾ പിൻവലിക്കാൻ തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. നിർദേശത്തിനെതിരേ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പ്രമേയം പാസാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കരട് നിർദേശപ്രകാരം വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയെ നിശ്ചയിക്കുക ചാൻസലർകൂടിയായ ഗവർണറായിരിക്കും. 2018 ലെ യുജിസി വിജ്ഞാപനത്തിൽ വിസി നിയമനാധികാരം ആർക്കെന്നു കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല എന്നതു തർക്കത്തിനും കേസുകൾക്കും കാരണമായിരിക്കെയാണ് യുജിസിയുടെ പരിഷ്കാരങ്ങൾ.
കരടിലെ വ്യവസ്ഥയനുസരിച്ച് ചാൻസലർ നിർദേശിക്കുന്നയാളാകും സെർച്ച് കമ്മിറ്റി ചെയർപേഴ്സൻ. അപേക്ഷകരിൽനിന്ന് കമ്മിറ്റി നിർദേശിക്കുന്ന ഏതാനും പേരിൽനിന്ന് ഒരാളെ ചാൻസലർക്കു വിസിയായി നിയമിക്കാം. പുനർനിയമനത്തിനും അനുമതിയുണ്ട്.