മണിപ്പുരിൽ ബിജെപി സർക്കാരിന് ജെഡി-യു പിന്തുണ പിൻവലിച്ചു
Thursday, January 23, 2025 3:52 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മണിപ്പുരിൽ എൻ. ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ഐക്യജനതാദൾ പിൻവലിച്ചു.
ജെഡി-യുവിന്റെ ശേഷിക്കുന്ന ഏക എംഎൽഎ എം. അബ്ദുൾ നസീർ ഇനി പ്രതിപക്ഷത്തിരിക്കും. ഇക്കാര്യം അറിയിച്ച് ഗവർണർ അജയ് കുമാർ ഭല്ലയ്ക്കും സ്പീക്കർക്കും കത്ത് നൽകിയതായി ജെഡിയു മണിപ്പുർ സംസ്ഥാന പ്രസിഡന്റ് കെ. ബിരേൻ സിംഗ് അറിയിച്ചു.
മേഘാലയ മുഖ്യമന്ത്രി കോണ്റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി ബിരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ ഏതാനും മാസങ്ങൾക്കുമുന്പ് പിൻവലിച്ചിരുന്നു.
അതേസമയം, ബിരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനുപിന്നാലെ ജെഡിയു സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് കെ. ബിരേൻ സിംഗിനെ നീക്കിയതായി ജെഡി-യു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് അറിയിച്ചു.
മണിപ്പുരിൽ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള പാർട്ടി തീരുമാനത്തെക്കുറിച്ചുള്ള വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് വക്താവ് പറഞ്ഞു. ബിജെപി ബന്ധം തുടരും.
ദേശീയ നേതൃത്വവുമായി ആലോചിക്കാതെ സ്വന്തം നിലയിലാണ് അദ്ദേഹം തീരുമാനമെടുത്തതെന്നും വക്താവ് വിശദീകരിച്ചു. എന്നാൽ, തീരുമാനത്തിൽ മാറ്റമില്ലെന്ന് ജെഡിയു സംസ്ഥാന പ്രസിഡന്റ് ബിരേൻ സിംഗും എംഎൽഎ അബ്ദുൾ നസീറും വ്യക്തമാക്കി.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിന്റെ ആറുപേർ എംഎൽഎമാരായെങ്കിലും പിന്നീട് അഞ്ചുപേർ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. ഇവരുടെ കൂറുമാറ്റത്തിനെതിരേയുള്ള പരാതിയിന്മേൽ സ്പീക്കർ തീരുമാനം വൈകിക്കുന്നതിനിടെയാണ് ഏക എംഎൽഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.
കഴിഞ്ഞ നിയമസഭാസമ്മേളനം മുതൽ അബ്ദുൾ നസീർ പ്രതിപക്ഷനിരയിലേക്ക് മാറിയിരുന്നു. 60 അംഗ നിയമസഭയിൽ നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ അഞ്ച് എംഎൽഎമാരുടെയും മൂന്നു സ്വതന്ത്രരുടെയുമടക്കം 37 പേരുടെ പിന്തുണയുള്ളതിനാൽ തത്കാലം ബിജെപി സർക്കാരിനു ഭൂരിപക്ഷമുണ്ട്.
കേന്ദ്രത്തിലും ബിഹാറിലും ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡി-യുവിന്റെ മണിപ്പുരിലെ മാറ്റം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ള ശക്തമായ സന്ദേശമാകുമെന്നാണ് മണിപ്പുരിലെ നേതാക്കൾ പറയുന്നത്.
എൻഡിഎയിൽനിന്ന് ജെഡി-യു വീണ്ടും മാറി "ഇന്ത്യ’ സഖ്യത്തിലേക്ക് നീങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയുള്ള മണിപ്പുരിലെ പ്രഖ്യാപനം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ജെഡിയുവിനെയും വെട്ടിലാക്കിയിരിക്കുകയാണ്.