നേതാജിയുടെ ഭൗതികാവശിഷ്ടം തിരിച്ചെത്തിക്കണമെന്ന് മകൾ
Friday, January 24, 2025 2:41 AM IST
ഡൽഹി: വിമാനാപകടത്തിൽ കൊല്ലപ്പെട്ട നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽനിന്ന് തിരിച്ചെത്തിക്കണമെന്ന് മകൾ അനിത ബോസ് പിഫാഫ്.
പതിറ്റാണ്ടുകളായി തന്റെ പിതാവിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ സൂക്ഷിച്ചിരിക്കുകയാണ്. അവ തിരികെയെത്തിക്കാൻ വിവിധ സർക്കാരുകൾ വിസമ്മതിച്ചുവെന്നും അനിത ചൂണ്ടിക്കാട്ടി. ബോസിന്റെ 128-ാം ജന്മദിന വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് മകളുടെ ആവശ്യം.
ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെ റെങ്കോജി ക്ഷേത്രത്തിലാണ് എട്ടു പതിറ്റാണ്ടുകളായി നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധം അവസാനത്തോടടുത്ത കാലയളവിൽ 1945 ഓഗസ്റ്റ് 18ന് ജപ്പാൻ നിയന്ത്രണത്തിലുണ്ടായിരുന്ന തായ്പേയിൽവച്ചാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനാപകടത്തിൽ കൊല്ലപ്പെടുന്നത്. ബോസിന്റെ മൃതദേഹം അവിടെ ദഹിപ്പിച്ച് ചിതാഭസ്മം ടോക്കിയോയിലെ റെങ്കോജി ബുദ്ധ ക്ഷേത്രത്തിൽ സൂക്ഷിക്കാനേൽപ്പിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ പുരോഹിതന്മാരും ജപ്പാൻ സർക്കാരും തന്റെ പിതാവിന്റെ ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകാൻ ഒരുക്കമാണെന്നും എന്നാൽ പതിറ്റാണ്ടുകളായി ഇന്ത്യയുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ലെന്നും അനിത ആരോപിച്ചു.
തന്റെ കുടുംബാംഗങ്ങളടക്കം നിരവധിപേർ പിതാവ് വിമാനാപകടത്തിൽ മരിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും എന്നാൽ ലഭ്യമായ രേഖകളുടെ വെളിച്ചത്തിൽ അദ്ദേഹം അന്നേദിവസം മരിച്ചു എന്ന വസ്തുത അംഗീകരിച്ചു ശേഷിപ്പുകൾ തിരികെക്കൊണ്ടുവരാൻ നടപടി വേണമെന്നും അനിത പറഞ്ഞു.