കർണാടക ബിജെപിയിൽ തമ്മിലടി ; കൊന്പുകോർത്ത് ശ്രീരാമലുവും ജനാർദൻ റെഡ്ഢിയും
Friday, January 24, 2025 2:41 AM IST
ബംഗളൂരു: കർണാടക ബിജെപിയിൽ തമ്മിലടി കനക്കുന്നു. ഖനി രാജാവ് ബി. ജനാർദൻ റെഡ്ഢിയും മുൻ മന്ത്രി ബി. ശ്രീരാമലുവുമാണ് കൊന്പുകോർത്തത്. സന്ദുർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ പരാജയമാണ് റെഡ്ഢി-ശ്രീരാമലു പോരിനു കാരണം.
2023 നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ട ശ്രീരാമലു സന്ദുറിൽ മത്സരിക്കാാൻ താത്പര്യപ്പെട്ടിരുന്നു. എന്നാൽ, ബംഗാരു ഹനുമന്തറാവുവിനാണ് ബിജെപി സീറ്റ് നല്കിയത്. റാവു കോൺഗ്രസ് സ്ഥാനാർഥിയോടു തോറ്റു. ഇതിന്റെ പേരിൽ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ശ്രീരാമലുവിനെതിരേ ആരോപണമുയർന്നു.
തനിക്കെതിരേ ജനാർദൻ റെഡ്ഢി പ്രവർത്തിക്കുന്നുവെന്നാണ് ശ്രീരാമലുവിന്റെ ആരോപണം. ശ്രീരാമലു കോൺഗ്രസിൽ ചേർന്നേക്കുമെന്ന് റെഡ്ഢി തിരിച്ചടിച്ചു.
കാംപ്ളി നിയമസഭാ മണ്ഡലത്തിൽ പാർട്ടിയെ റെഡ്ഢി രണ്ടാക്കിയെന്ന് ശ്രീരാമലു കുറ്റപ്പെടുത്തി. ഇതിനിടെ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ശ്രീരാമലുവുമായി ഫോണിൽ സംസാരിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്രയ്ക്കെതിരേ ബാസനഗൗഡ പാട്ടീൽ യാത്നൽ എംഎൽഎ പടയൊരുക്കം നടത്തവേയാണ് ബിജെപിക്കു തലവേദനയായി ശ്രീരാമലു-ജനാർദൻ റെഡ്ഢി പോര്.