ഡൽഹിയിലെ ‘പഞ്ചാബ്’ മോഡൽ
Friday, January 24, 2025 2:42 AM IST
സനു സിറിയക്
ന്യൂഡൽഹി: മുഖ്യമന്ത്രി ഭഗവത് മൻ അടക്കം മുന്നൂറോളം പേരടങ്ങുന്ന സംഘത്തെ പഞ്ചാബിൽ നിന്നിറക്കി ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുകയാണ് ആംആദ്മി.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നും ആംആദ്മിയുടെ പഞ്ചാബ് മേധാവി അമൻ അറോറയും നഗരത്തിലുടനീളം റോഡ് ഷോകളും പദയാത്രകളുമായി പ്രചാരണത്തിൽ സജീവമാണ്. പഞ്ചാബിൽ നിന്നുള്ള എംഎൽഎമാർക്ക് ഡൽഹിയിലെ ഓരോ മണ്ഡലത്തിന്റെ ചുമതലയുണ്ട്.
മന്ത്രിമാർക്ക് രണ്ടോ മൂന്നോ മണ്ഡലങ്ങളുടെ ഏകോപനത്തിന്റെയും. കാബിനറ്റ് മന്ത്രിമാർ, എംഎൽഎമാർ, വിവിധ ബോർഡുകളുടെയും കോർപറേഷനുകളുടെയും ചെയർപേഴ്സണ്മാർ, സന്നദ്ധപ്രവർത്തകർ എന്നിവരുൾപ്പെടെയുള്ളവരുടെ സംഘം വരുംദിവസങ്ങളിൽ പ്രചാരണത്തിന്റെ ഭാഗമാകും.
തലസ്ഥാനത്ത് ഭരണത്തിലേക്കു തിരിച്ചുവരാൻ ശ്രമിക്കുന്ന ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾക്കു ബദലായി ഡൽഹിയിലെ ഭരണമികവിനു പുറമേ പഞ്ചാബിലെ നേട്ടങ്ങളും ആംആദ്മി മുന്നോട്ടുവയ്ക്കുന്നു.
പഞ്ചാബിൽ മൂന്നു വർഷം പിന്നിടുന്നതിനു മുന്‍പെ 300 യൂണിറ്റ് സൗജന്യ വൈദ്യുതി, ആരോഗ്യസേവനങ്ങൾക്കായി മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിച്ചു, 50,000ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, സർക്കാരിന്റെ പ്രവർത്തങ്ങളിൽ സുതാര്യത ഉറപ്പാക്കി, റോഡപകട നിരക്ക് കുറയ്ക്കുന്നതിനായി സഡക് സുരക്ഷാ സേനയെ വിന്യസിച്ചു തുടങ്ങിയ നേട്ടങ്ങൾ ആംആദ്മി അവകാശപ്പെടുന്നുണ്ട്. ഇവ ഡൽഹി തെരഞ്ഞെടുപ്പിലും പ്രചാരണ ആയുധമാക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രിയെതന്നെ മുന്നിൽനിർത്തി വോട്ടാക്കി മാറ്റാനാണ് എഎപിയുടെ ശ്രമം.
എന്നാൽ പഞ്ചാബിലെ പാലിക്കാത്ത വാഗ്ദാനങ്ങൾ ഡൽഹിയിൽ തിരിച്ചടിയാകാനും സാധ്യതയുണ്ട്. 18 വയസിനു മുകളിലുള്ള എല്ലാ സ്ത്രീകൾക്കും 1,000 രൂപ ധനസഹായം നൽകുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല. ഡൽഹിയിലും സ്ത്രീകൾക്ക് 2500 രൂപ എഎപി വാഗ്ദാനം ചെയ്തിട്ടുണ്ട്. 2020ൽ സമാനവാഗ്ദാനം നൽകിയെങ്കിലും നടപ്പാക്കിയിട്ടില്ല.
പഞ്ചാബിലെ അഴിമതിവിരുദ്ധ ഭരണം ഉയർത്തിക്കാട്ടാൻ കഴിയുമെങ്കിലും ഡൽഹിയിലെ ആംആദ്മി നേതാക്കളിൽ പലരും അഴിമതി ആരോപണം നേരിടുന്നവരാണ്. ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജരിവാളും അഴിമതി ആരോപണത്തിന്റെ നിഴലിലാണ്. ഡൽഹിയിലും പഞ്ചാബിലും നടപ്പാക്കിയ ഭരണമാതൃകയെ കുറിച്ചുള്ള ജനഹിത പരിശോധന കൂടിയായിരിക്കും എഎപിക്ക് ഈ തെരഞ്ഞെടുപ്പ്.
ഡൽഹിയിൽ രണ്ടു തവണയും പഞ്ചാബിലും അധികാരത്തിലെത്തിയതിനു ശേഷം ആംആദ്മി ഗുജറാത്ത്, ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഇതിനു പുറമേ 2024ലെ പൊതു തെരഞ്ഞെടുപ്പിലും പാർട്ടിക്ക് കടുത്ത തിരിച്ചടി നേരിട്ടു.
പാർട്ടിയുടെ നിലപാടുതറയായ ഡൽഹിയിൽനിന്ന് ഒരാളെപ്പോലും ലോക്സഭയിലെത്തിക്കാനായില്ല. എങ്കിലും സാധാരണക്കാരെയും കർഷകരെയും കൂടെ നിർത്തിയുള്ള പഞ്ചാബ് മോഡൽ ഉയർത്തിക്കാട്ടി അഴിമതിക്കറയും ‘ശീഷ് മഹൽ’ ആരോപണങ്ങളും കഴുകിക്കളഞ്ഞ് ഇപ്പോഴും ആം ആദ്മികളോടൊപ്പമാണെന്നു തെളിയിക്കാനാണ് കേജരിവാളിന്റെ ശ്രമം.