സെയ്ഫിന്റേത് അഭിനയമോ? മന്ത്രിയുടെ കത്തിയില്ലാ കുത്ത്
Friday, January 24, 2025 2:42 AM IST
പൂന: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു ശരിക്കും കുത്തേറ്റോ? അതോ അദ്ദേഹത്തിന്റെ അഭിനയമാണോ? മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടേതാണു സംശയം.
ആശുപത്രിയിൽനിന്നും പുറത്തേക്കുവന്ന നടനെ കണ്ടപ്പോൾ ശരിക്കും ആക്രമിക്കപ്പെട്ടതാണോ അതോ അഭിനയിക്കുകയാണോയെന്നു തനിക്ക് സംശയമുണ്ടായതായി മന്ത്രി പറഞ്ഞു.
പൂനയിൽ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിജെപി നേതാവുകൂടിയായ നിതേഷ് റാണ. സെയ്ഫ് അലി ഖാനെതിരായ ആക്രമണം വർഗീയവത്കരിക്കാനും മന്ത്രി ശ്രമിച്ചു. ഒരു ഖാന് കുത്തേറ്റപ്പോൾ പ്രതികരിക്കാൻ ആളുണ്ടായി. എന്നാൽ, ഹിന്ദുവായ നടൻ ആക്രമിക്കപ്പെട്ടപ്പോൾ ഇതുണ്ടായില്ലെന്നും നിതേഷ് റാണ പറഞ്ഞു.
പ്രതിപക്ഷ നേതാക്കളായ ജിതേന്ദ്ര അവാദും സുപ്രിയ സുലെയും സുശാന്ത് സിംഗ് രജ്പുതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. അവർക്ക് സെയ്ഫ് അലി ഖാനെക്കുറിച്ച് മാത്രമാണ് ആശങ്ക- റാണ ആരോപിച്ചു.