വൈഎസ്ആർസി നേതാവ് വിജയ് സായ് റെഡ്ഢി രാഷ്ട്രീയം വിട്ടു, ഇന്നു രാജ്യസഭാംഗത്വം രാജിവയ്ക്കും
Saturday, January 25, 2025 2:18 AM IST
അമരാവതി: രാഷ്ട്രീയം വിടുകയാണെന്നു പ്രഖ്യാപിച്ച് വൈഎസ്ആർസിപി ജനറൽ സെക്രട്ടറി വി. വിജയ്സായി റെഡ്ഢി. ഇന്നു രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.വൈഎസ്ആർസിയുടെ രാജ്യസഭാനേതാവാണ് റെഡ്ഢി(67).
രണ്ടാം തവണയാണ് രാജ്യസഭാംഗമാകുന്നത്. ഒരു സ്ഥാനവും മോഹിച്ചല്ല രാജിയെന്നും മറ്റൊരു പാർട്ടിയിലും ചേരില്ലെന്നും റെഡ്ഢി പറഞ്ഞു. വൈ.എസ്. രാജശേഖര റെഡ്ഢിയുടെ കുടുംബവുമായി നാലു പതിറ്റാണ്ടു ബന്ധമുള്ള നേതാവാണ് വിജയ്സായ് റെഡ്ഢി.
2024ലെ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം രാജിവയ്ക്കുന്ന നാലാമത്തെ വൈഎസ്ആർസി രാജ്യസഭാംഗമാണ് വിജയ് സായി റെഡ്ഢി.
ഇതോടെ രാജ്യസഭയിൽ വൈഎസ്ആർ കോൺഗ്രസിന്റെ അംഗബലം ഏഴായി ചുരുങ്ങി. നേരത്തെ എം. വെങ്കട്ടരമണം, ബി. മസ്താൻ റാവു യാദവ്, ആർ. കൃഷ്ണയ്യ എന്നീ രാജ്യസഭാംഗങ്ങൾ രാജിവച്ചിരുന്നു. കൃഷ്ണയ്യയും യാദവും ടിഡിപിയിൽ ചേർന്ന് വീണ്ടും രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. വിജയ്സായി റെഡ്ഢി രാജിവച്ച സീറ്റ് ടിഡിപിക്കു ലഭിക്കും.