വിവാദപോസ്റ്റ്: രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി
Friday, January 24, 2025 2:41 AM IST
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിനെ അനുസ്മരിച്ചു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിൽ കുറിച്ച പോസ്റ്റിനെതിരേ വിമർശനവുമായി ബിജെപി.
ബോസിന്റെ 128-ാം ജന്മവാർഷിക ദിനത്തിൽ രാഹുൽ അദ്ദേഹത്തിന്റെ മരണദിവസമായ 1945 ഓഗസ്റ്റ് 18 പോസ്റ്റിൽ രേഖപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് വിമർശനം.
സുഭാഷ് ചന്ദ്ര ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടു എന്ന വിഷയത്തിൽ ഇന്നും സംവാദങ്ങൾ തുടരുന്പോൾ രാഹുൽ മരണദിവസം കുറിച്ചതിനെതിരേ പ്രതിഷേധമറിയിക്കുന്നുവെന്ന് ബിജെപി പറഞ്ഞു. രാഹുൽ 24 മണിക്കൂറിനുള്ളിൽ മാപ്പു പറയണമെന്നും നേതാജിയുടെ അനുയായികൾ ശക്തമായി പ്രതികരിക്കണമെന്നും ബിജെപി നേതാവ് സുകന്യ മജുംദാർ പറഞ്ഞു.
1945 ഓഗസ്റ്റ് 18നു സുഭാഷ് ചന്ദ്ര ബോസ് വിമാനാപകടത്തിൽ മരിച്ചു എന്ന് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പൊതുജനങ്ങളുടെയും മറ്റു രാഷ്ട്രീയ നേതാക്കളുടെയും പ്രതിഷേധം കാരണം ഔദ്യോഗിക റിപ്പോർട്ട് പരസ്യമാക്കിയിട്ടില്ല.
ബോസ് വിമാനാപകടത്തിൽ മരിച്ചിട്ടില്ല എന്ന വാദം ഒരു ഭാഗത്തു നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് 1991ൽ ഭാരതരത്ന നൽകാനുള്ള തീരുമാനംപോലും കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. രാഹുൽ വിമർശനങ്ങളോടു പ്രതികരിച്ചിട്ടില്ല.