ബിജിബി-ബിഎസ്എഫ് ചർച്ച ഡൽഹിയിൽ
Saturday, January 25, 2025 2:18 AM IST
ന്യൂഡൽഹി: ബംഗ്ലാദേശ് അതിർത്തി സേനയുടെയും (ബിജിബി) ഇന്ത്യയുടെ അതിർത്തി സുരക്ഷാ സേനയുടെയും (ബിഎസ്എഫ്) ഡയറക്ടർ ജനറലുമാർ നടത്തുന്ന അടുത്തഘട്ട ചർച്ച ഡൽഹിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ഫെബ്രുവരി 16 മുതൽ 20 വരെ നടക്കുന്ന ചർച്ചകളിൽ അതിർത്തിയിലെ അതിക്രമങ്ങൾ, ബംഗ്ലാദേശ് അതിർത്തിയിലെ വേലി നിർമാണം, ഏകോപിത പട്രോളിംഗ് എന്നിവ അജണ്ടയാകും. ബംഗ്ലാദേശിലെ സർക്കാർമാറ്റത്തിനു ശേഷം ആദ്യമായാണ് ഇത്തരമൊരു ചർച്ച. എല്ലാ വർഷവും രണ്ടുതവണ നടക്കുന്ന ചർച്ചകൾ അവസാനം നടന്നത് ധാക്കയിലാണ്.
കഴിഞ്ഞ ദിവസം ബിജിബി, ബിഎസ്എഫ് സെക്ടർ കമാൻഡർതല ചർച്ചയിൽ, ഇരുരാജ്യത്തെയും കർഷകർക്കു മാത്രമേ അതിർത്തിയുടെ 150 യാർഡ് മറികടക്കാനുള്ള അനുവാദമുള്ളൂ എന്നു വ്യക്തമാക്കിയിരുന്നു.