മുംബൈ ഭീകരാക്രമണക്കേസ് ; തഹാവുർ റാണയെ ഇന്ത്യക്കു കൈമാറും
Sunday, January 26, 2025 1:16 AM IST
വാഷിംഗ്ടൺ: മുംബൈ ഭീകരാക്രമണത്തിൽ നിർണായക ചരടുവലികൾ നടത്തിയ പാക് വംശജനായ കനേഡിയന്‍ പൗരൻ തഹാവുര്‍ ഹുസൈന് റാണയെ ഇന്ത്യക്കു വിട്ടുനൽകാൻ യുഎസ് സുപ്രീംകോടതിയുടെ അനുമതി. നാടു കടത്തുന്നതിനുള്ള കീഴ്ക്കോടതി ഉത്തരവിനെതിരേ തഹാവുര്‍ റാണ നല്കിയ അപ്പീല്‍ യുഎസ് സുപ്രീംകോടതി തള്ളുകയായിരുന്നു.
ഇന്ത്യയെ നടുക്കിയ ഭീകരാക്രമണക്കേസിലെ പ്രതിയെ രാജ്യത്തിലെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള അവസരത്തിനൊപ്പം പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങളും തഹാവൂർ റാണയെ ചോദ്യംചെയ്യുന്നതിലൂടെ വ്യക്തമാകുമെന്നാണു കരുതുന്നത്. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും യുഎസും തമ്മിലുള്ള ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറ്റം ചെയ്യുന്നത്.
ഇന്ത്യക്കു കൈമാറുന്നതിനുള്ള കീഴ്ക്കോടതി ഉത്തരവിനെതിരേ കഴിഞ്ഞ നവംബറിലാണ് തഹാവൂര്‍ റാണ യുഎസ് സുപ്രീംകോടതിയെ സമീപിച്ചത്. യുഎസ് പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു തൊട്ടടുത്ത ദിവസമായ കഴിഞ്ഞ 22നായിരുന്നു നിര്‍ണായക വിധി. തഹാവൂര്‍ റാണയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം കഴിഞ്ഞവര്‍ഷം യുഎസ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
കീഴ്ക്കോടതി ഉത്തരവ് പ്രതികൂലമായതോടെയാണു തഹാവുര്‍ റാണ യുഎസ് സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഒരേ കുറ്റത്തിന് ഒരാളെ രണ്ടുതവണ വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു വാദം. എന്നാൽ ഇന്ത്യക്കു കൈമാറുന്നതില്‍നിന്ന് ഇളവ് ലഭിക്കാന്‍ റാണയ്ക്ക് അര്‍ഹതയില്ലെന്ന യുഎസ് സോളിസിറ്റര്‍ ജനറലിന്റെ നിലപാടാണു സുപ്രീംകോടതിയിൽ നിർണായകമായത്.
166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണം 2008 നവംബര്‍ 26നായിരുന്നു. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യുഎസ് പൗരനുമായ ഡേവിഡ് കോള്മാന് ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് ഇന്ത്യയിൽ തഹാവൂർ റാണയ്ക്കെതിരേയുള്ള കുറ്റം. ഭീകരസംഘടനയായ ലഷ്കര്‍ ഇ- തൊയ്ബയ്ക്കു സഹായം നല്‍കിയെന്ന കേസില്‍ 2011ല്‍ യുഎസ് കോടതി തഹാവൂർ റാണയെ ശിക്ഷിച്ചിരുന്നു.
മുന്‍പ് പാക് സൈന്യത്തില്‍ ഡോക്ടറായി തഹാവുർ റാണ സേവനമനുഷ്ഠിച്ചിരുന്നു. മുംബൈ ആക്രമണത്തെക്കുറിച്ച് ഇയാള്‍ക്കു മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. മുംബൈ ഭീകരാക്രമണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഹെഡ്ലിയുമായി റാണയ്ക്കു ബന്ധമുണ്ടായിരുന്നു.
ഡെന്മാര്ക്കിലെ ഒരു പത്രം ആക്രമിക്കാനുള്ള ഗൂഢാലോചനയ്ക്കിടെയാണ് റാണയും ഹെഡ്ലിയും അറസ്റ്റിലാകുന്നത്. 2007നുശേഷം ഒരുവര്‍ഷത്തിനുള്ളില്‍ അഞ്ച് തവണ ഇന്ത്യയിലെത്തിയിരുന്നുവെന്ന് ഇയാള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലേക്ക് ഇയാളെ നാടു കടത്താനുള്ള അനുമതി വലിയ വിജയമായാണ് ഇന്ത്യ കരുതുന്നത്.
ഐഎസ്ഐ ബന്ധം വ്യക്തമാകും
മുംബൈ: തഹാവുര്‍ റാണയെ ചോദ്യംചെയ്യുന്നതോടെ പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന പ്രമുഖ അഭിഭാഷകന് ഉജ്ജ്വല്‍ നിഗം. ഐഎസ്ഐ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പാക് പൗരന്മാരുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളും തെളിവുകളും ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.