ഡൽഹി മെട്രോയിൽ മറന്നത് 89 ലാപ്ടോപ്പുകൾ, 193 മൊബൈൽ, 40 ലക്ഷം രൂപ
Saturday, January 25, 2025 2:18 AM IST
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്നവർ മറന്നുവച്ച സാധനങ്ങൾക്ക് കോടികളുടെ മൂല്യം. 89 ലാപ്ടോപ്പുകൾ, 193 മൊബൈൽ ഫോണുകൾ, 40 ലക്ഷം രൂപ, ഒന്പതു താലിമാലകൾ എന്നിങ്ങനെ നീളുകയാണ് മറന്നുവച്ച സാധനങ്ങളുടെ കണക്ക്.
സ്റ്റേഷനിലെ എക്സ്-റേ യന്ത്രത്തിന് സമീപം പരിശോധനയ്ക്കിടെ ആളുകൾ മറന്നുവയ്ക്കുന്നതാണ് ഭൂരിഭാഗം സാധനങ്ങളും. ഇത്തരം വസ്തുക്കൾ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ ശേഖരിച്ച് ഉടമസ്ഥർക്കു തിരിച്ചുനൽകുന്നതാണ് രീതി.
2024ൽ മറന്നുവച്ച സാധനങ്ങളിൽ 40 വാച്ചുകളും നിരവധി ആഭരണങ്ങളുമുണ്ട്. യുഎസ് ഡോളർ, സൗദി റിയാൽ തുടങ്ങിയ വിദേശ കറൻസികളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 59 ആത്മഹത്യാ ശ്രമങ്ങളും നടന്നു. ഇതിൽ 23 പേർക്ക് ജീവൻ നഷ്ടമായപ്പോൾ മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായി. 33 പേർക്ക് പരിക്കേറ്റു.
യാത്രികരുടെ സുരക്ഷാ പരിശോധനയ്ക്കിടെ 75 വെടിയുണ്ടകളും ഏഴു തോക്കുകളും സിഐഎസ്എഫ് പിടികൂടിയിട്ടുണ്ട്. ഒറ്റയ്ക്ക് യാത്രചെയ്യുന്നതായി കണ്ടെത്തിയ 262 കുട്ടികളെയും സിഐഎസ്എഫ് കണ്ടെത്തി മാതാപിതാക്കൾക്ക് കൈമാറിയിട്ടുണ്ട്.