അഹിംസ സംരക്ഷിക്കാൻ അക്രമം വേണ്ടിവരും: ആർഎസ്എസ് നേതാവ്
Friday, January 24, 2025 2:41 AM IST
അഹമ്മദാബാദ്: സഭയോ മിഷനറിമാരോ മാത്രമാണ് നിസ്വാർഥ സേവനം ചെയ്യുന്നതെന്നത് ലോകമെമ്പാടുമുള്ള മിത്താണെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി. ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ദിവസേന ഒരു കോടിയോളം ആളുകൾക്ക് ഭക്ഷണം നൽകുന്ന പുരാതന പാരമ്പര്യം നമുക്കുണ്ട്.
ഹിന്ദുസംഘടനകൾ ആചാരാനുഷ്ഠാനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല, അവർ സ്കൂളുകളും ഗുരുകുലങ്ങളും ആശുപത്രികളും നടത്തുന്നുണ്ടെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു. ഗുജറാത്ത് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ ‘ഹിന്ദു ആധ്യാത്മിക് സേവാമേള’യുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹിംസ എന്ന ആശയം സംരക്ഷിക്കാൻ ചിലസമയങ്ങളിൽ അക്രമം ആവശ്യമായിവരുമെന്നും ഭയ്യാജി ജോഷി പറഞ്ഞു. അധർമം ഇല്ലാതാക്കാൻ പാണ്ഡവർ യുദ്ധനിയമങ്ങൾ മാറ്റിവച്ചു. ഹിന്ദു മതത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഘടകമാണ് അഹിംസയെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.