പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: അഞ്ചു പ്രതികൾക്കു വധശിക്ഷ
Thursday, January 23, 2025 3:52 AM IST
കോർബ (ചത്തീസ്ഗഡ്): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികള്‍ക്കു വധശിക്ഷയും ഒരാൾക്ക് ജീവപര്യന്തം തടവും.
കോര്‍ബ ജില്ലയിലെ അതിവേഗ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്.
പെൺകുട്ടിയുടെ അച്ഛനെയും ഒപ്പമുണ്ടായിരുന്ന നാലു വയസുള്ള കുട്ടിയെയും പ്രതികൾ കൊലപ്പെടുത്തിയിരുന്നു. നാടിനെ നടുക്കിയ ക്രൂരകൃത്യത്തിൽ പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
സന്ത്റാം മഞ്ജ്വാർ (49), അബ്ദുൾ ജബ്ബാർ (34), അനിൽകുമാർ സാർതി (24), പർദേശി റാം (39), ആനന്ദ് റാം പണിക (29) എന്നിവർക്കാണു വധശിക്ഷ. ആറാം പ്രതിയായ ഉമശങ്കർ യാദവിനാണ് (26) ജീവപര്യന്തം തടവുശിക്ഷ.
2021 ജനുവരി 29 നാണ് കേസിനാസ്പദമായ സംഭവം. 16 കാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി കാട്ടിലുപേക്ഷിക്കുകയായിരുന്നു.
അച്ഛനെയും സഹോദരിയെയും കാണാനില്ലെന്നു ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ടയാളുടെ മകന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തറിയുന്നത്. തുടർന്ന് പ്രതികൾ പിടിയിലാവുകയായിരുന്നു.
മുഖ്യപ്രതിയായ സന്ത്റാം മഞ്ജ്വാർ നേരത്തേ പെണ്‍കുട്ടിയുടെ വീട്ടില്‍ കന്നുകാലി മേയ്ക്കല്‍ ജോലി ചെയ്തിരുന്നു. പെണ്‍കുട്ടിയെ രണ്ടാം ഭാര്യയാക്കാന്‍ ഇയാൾ ശ്രമിച്ചിരുന്നെന്നും പെണ്‍കുട്ടിയും വീട്ടുകാരും ഇതിനു വഴങ്ങാതിരുന്നതാണു പ്രതിയെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.