സയിഫ് അലിഖാനെതിരായ ആക്രമണം; മകൻ നിരപരാധിയെന്ന് ഷരീഫുൽ ഇസ്ലാമിന്റെ അച്ഛൻ
Saturday, January 25, 2025 2:18 AM IST
ന്യൂഡൽഹി: ബോളിവുഡ് താരം സയിഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ചുവെന്ന കുറ്റം ചുമത്തി അറസ്റ്റ്ചെയ്ത മോഷ്ടാവ് ഷരീഫുൾ ഇസ്ലാം നിരപരാധിയെന്ന് ബംഗ്ലാദേശിലുള്ള ഇയാളുടെ കുടുംബത്തിന്റെ അവകാശവാദം.
മകനെ വിട്ടുകിട്ടുന്നതിനായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയത്തെയും ഇന്ത്യൻ ഹൈക്കമ്മിഷനെയും സമീപിക്കുമെന്ന് ഷരീഫുൾ ഇസ്ലാമിന്റെ അച്ഛൻ മുഹമ്മദ് റുഹൽ പറഞ്ഞു.
ഇന്ത്യയിൽ താമസിക്കുന്നതിനുള്ള മതിയായ രേഖകൾ മകനില്ല. അറസ്റ്റ്ചെയ്യുമെന്ന ഭീതിയിലായിരുന്നു മകൻ മുംബൈയിൽ കഴിഞ്ഞിരുന്നത്. സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് ഷരീഫുൾ ഇസ്ലാം അല്ലെന്നും മകനെ തെറ്റായി കേസിൽ ഉൾപ്പെടുത്തിയതാണെന്നും മുഹമ്മദ് റുഹൽ വാദിച്ചു. താനെയിൽ നിന്ന് കഴിഞ്ഞദിവസമാണ് ഷരീഫുളിനെ അന്വേഷണസംഘം അറസ്റ്റ്ചെയ്തത്.