മഹാരാഷ്ട്രയിൽ ട്രെയിനിൽനിന്നു ചാടിയവരെ മറ്റൊരു ട്രെയിനിടിച്ചു; 12 മരണം
Thursday, January 23, 2025 3:52 AM IST
ജൽഗാവ്: വടക്കൻ മഹാരാഷ്ട്രയിൽ ട്രെയിനിൽനിന്നു ചാടിയവരെ മറ്റൊരു ട്രെയിനിടിച്ച് 12 പേർ മരിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. ജൽഗാവ് ജില്ലയിൽ ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു അപകടം.
ലക്നോ-മുംബൈ പുഷ്പക് എക്സ്പ്രസിലുണ്ടായിരുന്ന യാത്രക്കാരാണ് മഹേജി, പർഥാഡേ സ്റ്റേഷനുകൾക്കു മധ്യേ അപകടത്തിൽപ്പെട്ടത്. പുഷ്പക് ട്രെയിനിന്റെ ഒരു ജനറൽ കോച്ചിൽ ബ്രേക്ക് ബൈൻഡിംഗ്(ജാമിംഗ്) കാരണം തീപ്പൊരിയുണ്ടായി. ഇതു കണ്ട് പരിഭ്രാന്തരായവർ അപായച്ചങ്ങല വലിച്ചതോടെ ട്രെയിൻ നിന്നു.
തുടർന്ന് ഏതാനും യാത്രക്കാർ മറ്റൊരു ട്രാക്കിലേക്ക് ചാടിയിറങ്ങവേ എതിർദിശയിലൂടെ വന്ന ബംഗളൂരു-ഡൽഹി കർണാടക എക്സ്പ്രസ് ഇടിക്കുകയായിരുന്നുവെന്നു സെൻട്രൽ റെയിൽവേ മുഖ്യ വക്താവ് സ്വപ്നിൽ നിള പറഞ്ഞു.
ചിന്നിച്ചിതറിയ നിലയിലുള്ള മൃതദേഹങ്ങളുടെ ദൃശ്യം പുറത്തുവന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റ 15 പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കി. അപകടമുണ്ടായി 15 മിനിറ്റിനകം പുഷ്പക് ട്രെയിൻ യാത്ര ആരംഭിച്ചു.
കർണാടക എക്സ്പ്രസ് 20 മിനിറ്റിനുശേഷം അപകടസ്ഥലത്തുനിന്നു നീക്കി. അപകടത്തെക്കുറിച്ച് റെയിൽവേ സുരക്ഷാ കമ്മീഷണർ(സെൻട്രൽ സർക്കിൾ) മനോജ് അറോറ അന്വേഷണം നടത്തും.