തോക്കിൻമുനയിൽ ബാങ്ക് കൊള്ള
Saturday, January 18, 2025 2:18 AM IST
മംഗളൂരു: കർണാടകയെ ആശങ്കയിലാഴ്ത്തി 24 മണിക്കൂറിനിടെ വീണ്ടും ബാങ്ക് കവർച്ച. മംഗളൂരു ഉള്ളാളിനു സമീപത്തെ സഹകരണബാങ്ക് ശാഖയിൽ പട്ടാപ്പകൽ കാറിലെത്തിയ ആറംഗസംഘം ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 12 കോടിയിലേറെ വിലമതിക്കുന്ന സ്വർണവും പണവും കവർന്നു.
കോട്ടേക്കാർ കാർഷിക സഹകരണബാങ്കിന്റെ ഉള്ളാൾ കെസി റോഡ് ശാഖയിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ ചാര നിറത്തിലുള്ള ഫിയറ്റ് കാറിൽ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിലെ അഞ്ചുപേർ തോക്കുകളും വടിവാളുകളുമായി ബാങ്കിനകത്തേക്ക് കയറിയപ്പോൾ ആറാമത്തെയാൾ പുറത്തു കാവൽ നിന്നു.
മൂന്നു വനിതകളടക്കം നാല് ജീവനക്കാരും പുറത്തുനിന്നെത്തിയ ഒരു സിസിടിവി ടെക്നീഷനും മാത്രമാണ് അപ്പോൾ ബാങ്കിനകത്തുണ്ടായിരുന്നത്. ഇവരെ തോക്കിൻമുനയിൽ നിർത്തി ലോക്കറുകളുൾപ്പെടെ തുറപ്പിച്ചാണ് കവർച്ചാസംഘം സ്വർണവും പണവും എടുത്തത്. 12 കോടിയോളം രൂപയുടെ സ്വർണവും അഞ്ചു ലക്ഷം രൂപയും അഞ്ചു ചാക്കുകളിലാക്കി നിറച്ച് ഇവർ കൊണ്ടുപോയി. മംഗളൂരു ഭാഗത്തേക്കാണ് കാർ പോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സമീപസ്ഥലത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പോലീസുകാരെല്ലാം അവിടെയായിരുന്നു. മറ്റിടങ്ങളിൽ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിനാൽ ഇന്നലെ ഇവിടെ ആളുകളും കുറവായിരുന്നു. ബാങ്കിലെ സിസിടിവി കാമറകൾ നേരത്തേ തകരാറിലായിരുന്നു. ഇവ നന്നാക്കുന്നതിനായി ടെക്നീഷൻ വന്നതിനു തൊട്ടുപിന്നാലെയാണ് കൊള്ളക്കാർ എത്തിയത്.
പോലീസ് സ്ഥലത്തുണ്ടാകില്ലെന്നതും ബാങ്കിലെ സിസിടിവി സംവിധാനം തകരാറിലാണെന്നതും കൊള്ളസംഘം നേരത്തേ മനസിലാക്കിയതായി സംശയിക്കുന്നു. എന്നാൽ, അടുത്തുള്ള മറ്റൊരു സ്ഥാപനത്തിലെ സിസിടിവിയിൽ ഇവർ തോക്കുകളുമായി ബാങ്കിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ബേക്കറിയിലുണ്ടായിരുന്ന ഏതാനും കുട്ടികളോട് അവിടെനിന്ന് മാറിപ്പോകണമെന്ന് കവർച്ചാസംഘം ആവശ്യപ്പെട്ടിരുന്നതായി ദൃക്സാക്ഷികൾ പോലീസിനോടു പറഞ്ഞു. ഇവിടെവച്ച് കവർച്ചക്കാർ കന്നഡയിലാണു സംസാരിച്ചിരുന്നതെങ്കിലും ബാങ്കിലുള്ളവരോട് ഹിന്ദിയാണ് പറഞ്ഞത്. ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമായിരിക്കാമെന്നു സംശയിക്കുന്നു. കവർച്ചക്കാർ എത്തിയ കാറിന്റെ നമ്പർ വ്യാജമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കാമറകളുടെ അറ്റകുറ്റപ്പണിക്കായി ചുമതലപ്പെടുത്തിയ ഏജൻസിയിലെ ആർക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോ എന്ന സംശയത്തിൽ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, തങ്ങളുടെ ടെക്നീഷന്റെ കൈയിലുണ്ടായിരുന്ന സ്വർണാഭരണവും കൊള്ളസംഘം അപഹരിച്ചതായാണ് ഏജൻസി അധികൃതർ പറയുന്നത്. അഞ്ചുവർഷം മുമ്പും ഇതേ ബാങ്ക് ശാഖയിൽ കവർച്ച നടന്നിരുന്നു.