സിഎംആര്എല് മാസപ്പടി 185 കോടിയുടെ അഴിമതി: കേന്ദ്രസർക്കാർ
Sunday, January 12, 2025 1:47 AM IST
ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടിയുടെ അഴിമതി നടന്നതായി കേന്ദ്രസർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് സൊലൂഷൻസും സിഎംആർഎല്ലും തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തിയ അന്വേഷണത്തിൽ ഇതു കണ്ടെത്തിയതായി ഡൽഹി ഹൈക്കോടതിയിൽ എഴുതി നൽകിയ വാദത്തിൽ കേന്ദ്രം വ്യക്തമാക്കി.
തങ്ങളുടെ അന്വേഷണത്തിലും അഴിമതി കണ്ടെത്തിയതായി ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണു കേന്ദ്രസർക്കാരിന്റെയും ആദായനികുതി വകുപ്പിന്റെയും വെളിപ്പെടുത്തൽ. അന്വേഷണം പാടില്ലെന്ന വാദം നിലനിൽക്കില്ലെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
കേസിൽ എസ്എഫ്ഐഒ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു സിഎംആർഎൽ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചിരുന്നു. കക്ഷികളോടു വാദം എഴുതി നൽകാനും കോടതി ആശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കേന്ദ്രസർക്കാരും ആദായനികുതി വകുപ്പും എഴുതി നൽകിയ മറുപടിയിലാണ് വൻ അഴിമതി ആരോപണം ചൂണ്ടിക്കാട്ടിയത്.
അഴിമതി രാജ്യത്തിന്റെ സാന്പത്തികഭദ്രതയ്ക്കു ഭീഷണിയാണെന്നും ഡൽഹി ഹൈക്കോടതിയെ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു. ചെലവ് പെരുപ്പിച്ചു കാട്ടി സിഎംആർഎൽ കണക്കിൽപ്പെടുത്തിയ 185 കോടി രൂപ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും വീതിച്ചുനൽകിയെന്ന് ആരോപിക്കുന്നുണ്ട്.
വ്യാജബില്ലുകൾ ഉൾപ്പെടുത്തി അഴിമതി നടത്തിയതായും ആരോപണമുണ്ട്. ചെലവുകൾ പെരുപ്പിച്ചു കാട്ടിയ സിഎംആർഎൽ അഴിമതിപ്പണം ആ വകയിൽ ഉൾപ്പെടുത്തി.
കോർപറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് വൻ അഴിമതി നടത്തിയെന്നും വാദത്തിൽ പറയുന്നു. നിയമമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാനാകുമെന്നും ആദായനികുതി വകുപ്പ് കോടതിയിൽ വ്യക്തമാക്കി.
സിഎംആർഎല്ലിൽ കെഎസ്ഐഡിസിയുടെ ഓഹരി പങ്കാളിത്തമുള്ളതിനാൽ പൊതുതാത്പര്യ പരിധിയിൽ വരുമെന്നു കേന്ദ്രം വ്യക്തമാക്കി. നേരത്തേ സിഎംആർഎല്ലിനെതിരേ ഗുരുതര ആരോപണവുമായി എസ്എഫ്ഐഒ രംഗത്തുവന്നിരുന്നു.
ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർഎൽ പണം നൽകിയോയെന്നു സംശയിക്കുന്നതായി എസ്എഫ്ഐഒ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് ഒരു സേവനവും നൽകാതെതന്നെ പണം നൽകിയിട്ടുണ്ടെന്ന് സിഎംആർഎൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയെന്നും എസ്എഫ്ഐഒ നേരത്തെ വ്യക്തമാക്കിയിരുന്നു.