ഖനി അപകടം: തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Thursday, January 9, 2025 2:34 AM IST
ഗോഹട്ടി: ആസാമിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് ഖനിയിൽ കുടുങ്ങിയ ഒന്പതുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ഇന്നലെ രാവിലെയാണ് ദിമാ ഹസാവോ ജില്ലയിലെ ഉമറാംഗ്സോയിലുള്ള ഖനിക്കുള്ളിൽനിന്ന് മുങ്ങൽവിദഗ്ധർ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. അവശേഷിച്ച എട്ട് തൊഴിലാളികളുടെ കാര്യത്തിൽ ആശങ്കയേറുകയാണ്.
തിങ്കളാഴ്ച വൈകുന്നേരമാണ് 300 അടി ആഴമുള്ള ഖനിയിലേക്ക് വെള്ളം ഇരച്ചുകയറിയത്. പതിനഞ്ചോളം തൊഴിലാളികൾ ഖനിക്കുള്ളിലുണ്ടായിരുന്നുവെന്നായിരുന്നു പ്രചാരണം.
അനധികൃതമായാണു ഖനി പ്രവർത്തിപ്പിച്ചിരുന്നതെന്നും നടത്തിപ്പുകാരിൽ ഒരാളെ അറസ്റ്റ്ചെയ്തുവെന്നും മുഖ്യമന്ത്രി ഹിമന്ദ ശർമ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.