മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്
Sunday, January 12, 2025 1:47 AM IST
ന്യൂഡൽഹി: താൻ ദൈവമല്ലെന്നും തെറ്റുകൾ സംഭവിക്കാമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന മുഖം രക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ്. സ്വയം ദൈവമാണെന്നു പ്രചരിപ്പിക്കാൻ ശ്രമിച്ച പ്രധാനമന്ത്രിയാണ് ഇതു പറയുന്നതെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
പഴയ പ്രസ്താവനയിൽനിന്നുണ്ടായ ക്ഷീണം മറയ്ക്കാനാണ് പുതിയ വിശദീകരണമെന്നും ജയ്റാം രമേശ് പറഞ്ഞു. ദൈവികനിയോഗത്തെക്കുറിച്ച് മോദി പറയുന്ന വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയുടെ പോസ്റ്റ്.
താൻ ദൈവത്താൽ പറഞ്ഞയച്ചവനാണെന്ന് തനിക്കു തോന്നിയിട്ടുണ്ടെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഒരു അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു. കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മോദിയുടെ ഈ പ്രസ്താവനയ്ക്കെതിരേ പരിഹാസവുമായി രംഗത്തു വന്നിരുന്നു.
‘നോണ്‍ ബയോളജിക്കൽ പ്രധാനമന്ത്രി’ എന്നായിരുന്നു കോണ്‍ഗ്രസ് മോദിയെ പരിഹസിച്ചത്.