പ്രീ ബജറ്റ് നിർദേശങ്ങളുമായി വിദ്യാർഥികൾ
Friday, January 10, 2025 1:09 AM IST
ന്യൂഡൽഹി: ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് സുസ്ഥിരതയുള്ള സംസ്ഥാനങ്ങളും കേന്ദ്രവും എന്ന ലക്ഷ്യത്തിന് ഉൗന്നൽ നൽകണമെന്ന് കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ്.
ഇതുമായി ബന്ധപ്പെട്ട് ട്രസ്റ്റിന്റെ നേതൃത്വത്തിൽ രൂപം നൽകിയ പ്രീ ബജറ്റ് നിർദേശങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, വ്യവസായ വകുപ്പുമന്ത്രി പിയൂഷ് ഗോയൽ എന്നിവർക്കു കൈമാറി.
കേരളത്തിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ, വ്യവസായികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധഘട്ടങ്ങളിലായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രീ ബജറ്റ് നിർദേശങ്ങൾ തയാറാക്കിയത്.
കായികരംഗത്തുള്ള സമഗ്രമായ വളർച്ചയ്ക്ക് കൂടുതൽ സ്റ്റേഡിയങ്ങൾ, മെച്ചപ്പെട്ട പരിശീലനം തുടങ്ങിയവയ്ക്ക് മുൻഗണന, കൂടുതൽ സ്റ്റാർട്ടപ്പുകൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കെതിരേയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ പ്രത്യേക കോടതികൾ തുടങ്ങിയവ പ്രീ ബജറ്റ് നിർദേശങ്ങളിലുണ്ട്.
21ന് മുഖ്യമന്ത്രി, ധനമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവർക്കും സമാനമായ നിർദ്ദേശങ്ങൾ സമർപ്പിക്കും.
മുൻ കേന്ദ്ര മന്ത്രി പ്രഫ. കെ.വി. തോമസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ്, എറണാകുളം സെന്റ് തെരേസാസ് കോളജ് ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. അനൂപ് ജേക്കബ്, വിദ്യാർഥികളായ ആരതി കൃഷ്ണ, കൃഷ്ണജ പൈ, അരിസ്റ്റോ ഐസക് സാജു എന്നിവർ ചേർന്നാണ് പ്രീ ബജറ്റ് നിർദേശങ്ങൾ കേന്ദ്ര മന്ത്രിമാർക്ക് കൈമാറിയത്.