സ്കൂളുകൾക്ക് ബോംബ് ഭീഷണി പിന്നിൽ 12-ാം ക്ലാസ് വിദ്യാർഥി
Saturday, January 11, 2025 2:17 AM IST
ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകൾക്ക് ഇ മെയിൽ വഴി ലഭിച്ച 23 ബോംബ് ഭീഷണികൾക്കു പിന്നിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെന്ന് ഡൽഹി പോലീസ്.
നേരത്തേയും ഇ മെയിൽ വഴി ബോംബ് ഭീഷണികൾ അയച്ചിരുന്നതായി വിദ്യാർഥി സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. പരീക്ഷാപ്പേടി മൂലം പരീക്ഷ റദ്ദാക്കാൻ വിദ്യാർഥി കണ്ടെത്തിയ മാർഗമാണ് ബോംബ് ഭീഷണി. സ്വന്തം സ്കൂൾ ഒഴിവാക്കി മറ്റ് സ്കൂളുകൾക്കായിരുന്നു ഭീഷണി അയച്ചിരുന്നത്.
വിദ്യാർഥികൾ തന്നെയാണ് ബോംബ് ഭീഷണിക്കു പിന്നിലെന്ന നിഗമനത്തിൽ തന്നെയായിരുന്നു പോലീസ്. 1,00,000 ഡോളർ നൽകിയില്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ബോംബ് പൊട്ടിക്കും എന്ന ഭീഷണിയാണ് കഴിഞ്ഞ വർഷം അവസാനം ഒരു സ്കൂളിനു ലഭിച്ചത്.
ബോംബ് ഭീഷണികൾ സ്കൂളുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഡിസംബർ ഒന്പതിന് 44 സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് 30 സ്കൂളുകൾക്കും ഭീഷണിയുണ്ടായി. വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നുംതന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.