ശരദ് പവാർ പക്ഷ എംപിമാരെ റാഞ്ചാൻ അജിത്തിന്റെ നീക്കം
Thursday, January 9, 2025 2:34 AM IST
മുംബൈ: ശരദ് പവാർ പക്ഷ എൻസിപിയിലെ എംപിമാരെ ചാക്കിട്ടുപിടിക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ നീക്കം ഊർജിതമാക്കിയെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്.
കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് എംപിമാരെ റാഞ്ചാൻ ശ്രമിക്കുന്നതെന്ന് റൗത് ആരോപിച്ചു. എൻസിപി (എസ്പി) എംഎൽഎ ജിതേന്ദ്ര അവാധും ഇതേ ആരോപണം ഉന്നയിച്ചു.
അജിത് പക്ഷ എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ താത്കറെയ്ക്കെതിരേയാണ് ആരോപണം. അച്ഛനെയും(ശരദ് പവാർ) മകളെയും (സുപ്രിയ സുലെ) ഉപേക്ഷിച്ചുവരാൻ എംപിമാരോട് താത്കറെ ആവശ്യപ്പെട്ടുവെന്നാണ് അവാധ് പറയുന്നത്. അതേസമയം, ആരോപണം താത്കറെ നിഷേധിച്ചു.
മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെയും സുനിൽ താത്കറെയുമാണ് കൂറുമാറ്റം നടത്താൻ നിയോഗിച്ചിരിക്കുന്നതെന്ന് സഞ്ജയ് റൗത് പറഞ്ഞു. ഒരംഗം മാത്രമുള്ളതിനാൽ കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കില്ലെന്നും അതിനാലാണ് ശരദ് പവാർ പക്ഷത്തെ പിളർത്താൻ അജിത്പക്ഷം ശ്രമിക്കുന്നതെന്നും റൗത് കൂട്ടിച്ചേർത്തു. സുനിൽ താത്കറെയാണ് അജിത് പക്ഷത്തിന്റെ ഏക ലോക്സഭാംഗം.
ശരദ് പവാർ പക്ഷത്ത് എട്ട് എംപിമാരുണ്ട്. രാജ്യസഭയിൽ നാല് എംപിമാരാണ് ശരദ് പവാറിനുള്ളത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ അജിത് പക്ഷമാണ് നേട്ടം കൊയ്തത്. ബിജെപി മുന്നണിയിലുള്ള അജിത് വിഭാഗത്തിന് 41 എംഎൽഎമാരുണ്ട്. ശരദ് പവാർ പക്ഷത്തിന് പത്ത് എംഎൽഎമാർ മാത്രമാണുള്ളത്.
എൻസിപിയുടെ 12 എംപിമാരും ശരദ് പവാറിനൊപ്പമാണെന്ന് മുതിർന്ന നേതാവ് അനിൽ ദേശ്മുഖ് പറഞ്ഞു.