ശംഭു അതിർത്തിയിൽ വീണ്ടും കർഷക ആത്മഹത്യ
Friday, January 10, 2025 1:09 AM IST
ന്യൂഡൽഹി: പഞ്ചാബ്-ഹരിയാന ശംഭു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരിൽ ഒരാൾ ജീവനൊടുക്കിയതായി കർഷക സംഘടനകൾ. പഞ്ചാബ് സ്വദേശിയായ 55കാരൻ രേഷാം സിംഗാണ് കീടനാശിനി കഴിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കർഷകരെ അവഗണിക്കുന്ന കേന്ദ്രസർക്കാരിനെതിരേയുള്ള പ്രതിഷേധമാണ് ആത്മഹത്യയെന്നു കർഷക സംഘടന നേതാവ് സർവാൻ സിംഗ് പന്ദേർ പറഞ്ഞു.
മരിച്ച കർഷകന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നും അദ്ദേഹത്തിന്റെ കാർഷികവായ്പകൾ എഴുതിത്തള്ളണമെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്നും കർഷകനേതാക്കൾ ആവശ്യപ്പെട്ടു.
ഇത് അംഗീകരിച്ചില്ലെങ്കിൽ മൃതദേഹം മോർച്ചറിയിൽത്തന്നെ സൂക്ഷിക്കുമെന്നും കർഷകർ വ്യക്തമാക്കി. ഡിസംബർ 18ന് രഞ്ജോദ് സിംഗ് എന്ന കർഷകനും ആത്മഹത്യ ചെയ്തിരുന്നു.