കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് ; ആദായനികുതി ഇളവിനു നീക്കം
Thursday, January 9, 2025 2:34 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ ആദായനികുതി ഇളവുകളടക്കം വലിയ നികുതി പരിഷ്കാരങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി ധനമന്ത്രി നിർമല സീതാരാമൻ.
പ്രതിവർഷം 14 ലക്ഷം രൂപ വരെ സന്പാദിക്കുന്നവർക്ക് നികുതി ആനുകൂല്യങ്ങൾ നൽകാനാണ് ആലോചന. ആദായനികുതി ഇളവുകളോടൊപ്പം നികുതി ഫയലിംഗ് ചട്ടങ്ങൾ ലളിതമാക്കുന്നത് അടക്കമുള്ള പരിഷ്കാരങ്ങളും കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചേക്കും.
ഫെബ്രുവരി ഒന്നിന് രാവിലെ 11നാകും ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ തന്റെ തുടർച്ചയായ എട്ടാമത്തെ ബജറ്റ് അവതരിപ്പിക്കുക. ശനിയാഴ്ചയാണെങ്കിലും പാർലമെന്റിന്റെ പ്രത്യേക സിറ്റിംഗ് നടത്തിയാകും ഈ വർഷത്തെ സന്പൂർണ പൊതുബജറ്റ് അവതരിപ്പിക്കുക.
നേരിട്ടു പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെങ്കിലും ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കുന്ന ഡൽഹിയിലെയും വൈകാതെ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെയും വോട്ടർമാരെ ലക്ഷ്യമിട്ടുള്ള പൊതുപ്രഖ്യാപനങ്ങളും ഇളവുകളും ബജറ്റിൽ ഉണ്ടായേക്കും. രാജ്യത്തിന്റെ സാന്പത്തികനില വിലയിരുത്തുന്ന സർവേ റിപ്പോർട്ട് ഈ മാസം 31ന് ലോക്സഭയിൽ സമർപ്പിക്കും.
നികുതിഘടനയും ആദായനികുതി (ഐടിആർ) ഫയലിംഗ് പ്രക്രിയയും ലളിതമാക്കാനാണു ശ്രമമെന്ന് ധനമന്ത്രാലയത്തിലെ ഉന്നതർ ദീപികയോട് പറഞ്ഞു.
രാജ്യത്തെ വ്യക്തിഗത ആദായനികുതി പിരിവ് കഴിഞ്ഞ ഏപ്രിൽ- നവംബർ കാലയളവിൽ 25 ശതമാനം ഉയർന്ന് 7.41 ലക്ഷം കോടി രൂപയായത് കേന്ദ്രസർക്കാരിന് വലിയ ആശ്വാസവും പ്രതീക്ഷയുമായി.
നികുതി പരിഷ്കാരങ്ങൾക്കുള്ള ഈ സുവർണാവസരം കേന്ദ്രം പ്രയോജനപ്പെടുത്തണമെന്നാണ് സാന്പത്തിക വിദഗ്ധരുടെ ഉപദേശം. പ്രതിവർഷം 14 ലക്ഷം രൂപവരെ സന്പാദിക്കുന്ന വ്യക്തികളുടെ ഭാരം ലഘൂകരിക്കുന്നതാകും പുതിയ നികുതി ഘടന. എന്നാൽ മറ്റു നികുതിനിരക്കുകളിലും നയങ്ങളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കില്ല.
നികുതിഘടനയിൽ പ്രതീക്ഷിക്കുന്ന മാറ്റം
ന്യൂഡൽഹി: ആദായനികുതിയിൽ അടിസ്ഥാന ഇളവുപരിധി മൂന്നു ലക്ഷത്തിൽനിന്ന് നാലു ലക്ഷം രൂപയായി ഉയർത്തിയേക്കും. നിലവിൽ, പുതിയ നികുതിപദ്ധതിക്കു കീഴിൽ മൂന്നു ലക്ഷം വരെയുള്ള വരുമാനം നികുതിരഹിതമാണ്.
മൂന്നു ലക്ഷം മുതൽ ആറു ലക്ഷം രൂപ വരെ വരുമാനത്തിന് അഞ്ചു ശതമാനമാണു നിലവിലെ നികുതി. ഇതിൽ നേരിയ പരിഷ്കാരത്തിലൂടെ 14 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി വ്യവസ്ഥയെ കൂടുതൽ പ്രയോജനകരമാക്കിയേക്കും.