ഡൽഹി മദ്യനയം: 2026 കോടി നഷ്ടം വരുത്തിയെന്ന് സിഎജി
Sunday, January 12, 2025 1:47 AM IST
ന്യൂഡൽഹി: ആം ആദ്മി സർക്കാരിന്റെ മദ്യനയം ഡൽഹി സംസ്ഥാനത്തിന് 2026 കോടി രൂപയുടെ നഷ്ടം വരുത്തിയതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്.
ലൈസൻസുകൾ നൽകുന്നതിൽ കാര്യമായ വീഴ്ചകളും നയവ്യതിയാനങ്ങളും ലംഘനങ്ങളും എടുത്തുകാണിക്കുന്ന റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
റിപ്പോർട്ട് ഇതുവരെയും നിയമസഭയിൽ വച്ചിട്ടില്ല. ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നയം പരാജയപ്പെട്ടുവെന്നും ആം ആദ്മി നേതാക്കൾ ക്രമക്കേടുകളിലൂടെ പ്രയോജനം നേടിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
വിദഗ്ധ സമിതിയുടെ ശിപാർശകൾ അന്നത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം അവഗണിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. നയവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ മന്ത്രിസഭയുടെ അനുമതിയോ ലഫ്. ഗവർണറുടെ അംഗീകാരമോ ഇല്ലാതെയാണു കൈക്കൊണ്ടതെന്നും നിയമലംഘകർക്ക് മനഃപൂർവം പിഴ ചുമത്തിയിട്ടില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്.
നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന സിഎജി റിപ്പോർട്ട് തെരഞ്ഞെടുപ്പിൽ ആയുധമാക്കാൻ ഒരുങ്ങുകയാണ് ബിജെപി. ആം ആദ്മിയുടെ അഴിമതി മൂടിവയ്ക്കാനാണു സിഎജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കാതിരുന്നതെന്ന് ബിജെപി നേതാവും ലോക്സഭ എംപിയുമായ അനുരാഗ് സിംഗ് ഠാക്കൂർ കുറ്റപ്പെടുത്തി.
റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന അഴിമതിയിൽ മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ കേജരിവാൾ ഉത്തരം പറയണമെന്നും ആരാണു പണം കൈപ്പറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ഠാക്കൂർ ആവശ്യപ്പെട്ടു. അധികാരത്തിന്റെ ലഹരിയിൽ ആം ആദ്മി നടത്തിയ അഴിമതിക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ മറുപടി ലഭിക്കുമെന്ന് ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി.നഡ്ഡ വ്യക്തമാക്കി.
എന്നാൽ, ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്നതായി ബിജെപിയും അവരുടെ മാധ്യമങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് കുറ്റപ്പെടുത്തി. ബിജെപിക്കു മാത്രം സിഎജി റിപ്പോർട്ട് ലഭിക്കാൻ ബിജെപി ഓഫീസിലാണോ റിപ്പോർട്ട് സമർപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു.
2021ൽ അവതരിപ്പിച്ച മദ്യനയം ഡൽഹിയിലെ മദ്യ റീട്ടെയിൽ ലാൻഡ്സ്കേപ് നവീകരിക്കാനും വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാൽ ഡൽഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് മദ്യനയം എത്തിച്ചേർന്നു.
കേജരിവാളിനുപുറമെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ. കവിത തുടങ്ങിയവരെയും കേന്ദ്ര അന്വേഷണ ഏജൻസികൾ മദ്യനയ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്തു. എന്നാൽ, കാര്യമായ തെളിവുകൾ സമർപ്പിക്കാൻ അന്വേഷണ ഏജൻസികൾ പരാജയപ്പെട്ടതു ചൂണ്ടിക്കാട്ടി കേജരിവാളടക്കമുള്ള നേതാക്കൾക്ക് ജാമ്യം അനുവദിച്ചു.