"ശീഷ് മഹലി'ൽ പരിശോധനയ്ക്ക് എഎപി ശ്രമം
Thursday, January 9, 2025 2:34 AM IST
ന്യൂഡൽഹി: ബിജെപിയുടെ "ശീഷ് മഹൽ'ആരോപണങ്ങൾ പ്രതിരോധിക്കാൻ ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പരിശോധന നടത്താനൊരുങ്ങിയ ആം ആദ്മി പാർട്ടി നേതാക്കളെ പോലീസ് വഴിയിൽ തടഞ്ഞു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതിചെയ്യുന്ന ഡൽഹിയിലെ 6, ഫ്ലാഗ് സ്റ്റാഫ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് ആം ആദ്മി പാർട്ടി നേതാക്കളായ സഞ്ജയ് സിംഗിനെയും സൗരഭ് ഭരദ്വാജിനെയും പോലീസ് തടഞ്ഞത്.
അരവിന്ദ് കേജരിവാൾ മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ആഡംബരപൂർണമായ "ശീഷ് മഹലാ’ക്കി മാറ്റിയെന്ന ബിജെപി ആരോപണങ്ങളുടെ സത്യാവസ്ഥ തെളിയിക്കാൻ മാധ്യമങ്ങളെയും ഒപ്പം കൂട്ടിയായിരുന്നു എഎപി നേതാക്കളുടെ പരിശോധനാ ശ്രമം.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കേജരിവാൾ മിനി ബാറും നീന്തൽക്കുളവും വിലയേറിയ ഇലക്ട്രോണിക് ഉപകരണങ്ങളും സ്ഥാപിച്ച് ആഢംബരജീവിതം നയിക്കുകയായിരുന്നുവെന്ന ആരോപണം ബിജെപി തെരഞ്ഞെടുപ്പിൽ ആയുധമാക്കിയതിനു പിന്നാലെയാണ് പ്രതിരോധിക്കാനുള്ള ശ്രമവുമായി എഎപി നേതാക്കൾ രംഗത്തെത്തിയത്.
ഔദ്യോഗിക വസതിയുടെ പുനരുദ്ധാരണത്തിനായി 75-80 കോടി രൂപ എഎപി ചെലവിട്ടുവെന്നും നികുതിദായകരുടെ പണം വെട്ടിച്ചു കേജരിവാൾ ചില്ലുകൊട്ടാരം എന്നർഥം വരുന്ന "ശീഷ് മഹൽ’ നിർമിച്ചെന്നുമാണ് ബിജെപി കുറ്റപ്പെടുത്തുന്നത്.
എന്നാൽ, ബിജെപിയുടെ ആരോപണങ്ങൾ തെറ്റാണെന്നും ഔദ്യോഗിക വസതിയിൽ ആഡംബര നിർമിതികളൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എഎപി നേതാക്കൾ ഔദ്യോഗികവസതിയിൽ പരിശോധനയ്ക്കെത്തിയത്.
അനുമതിയില്ലാതെ അകത്തേക്കു പ്രവേശിക്കാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ വസതിക്കുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചാണു നേതാക്കൾ മടങ്ങിയത്.
"ശീഷ് മഹൽ’അഴിമതിയിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള നേതാക്കളുടെ ശ്രമമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വസതി ജനങ്ങൾക്ക് തുറന്നുകൊടുക്കാം, പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതി മാധ്യമപ്രവർത്തകർക്കു മുന്നിൽ തുറന്നുകൊടുക്കാൻ ഒരുക്കമാണോയെന്നും കഴിഞ്ഞ ദിവസം സഞ്ജയ് സിംഗ് ബിജെപിയെ വെല്ലുവിളിച്ചിരുന്നു